നഗരം ഗതാഗതക്കുരുക്കില്‍: നട്ടംതിരിഞ്ഞ് യാത്രക്കാര്‍
കൊട്ടാരക്കര: അടിയന്തര ഘട്ടങ്ങളില്‍ പോലും ആശുപത്രികളില്‍ എത്താന്‍ കഴിയാത്ത വിധം ടൗണിലെ ഗതാഗത പ്രശ്‌നം അതിരൂക്ഷമാകുന്നു.
കഴിഞ്ഞദിവസം അടൂര്‍ ഭാഗത്ത് നിന്ന് അത്യാസന്ന നിലയിലായ രോഗിയേയും കൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് പോലും കാല്‍മണിക്കൂറോളം ഗതാഗതകുരുക്കില്‍പെട്ടു. ട്രാഫിക് യൂനിറ്റ് പ്രത്യേക ട്രാഫിക് പൊലിസ് സ്റ്റേഷനായി ഉയര്‍ത്തണമെന്ന ആവശ്യം ആഭ്യന്തര വകുപ്പ് നടപ്പിലാക്കിയിട്ടില്ല.
വാഹനനിയന്ത്രണത്തില്‍ പൊലിസിനുണ്ടാകുന്ന വീഴ്ചയാണ് കാരണമായി ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എം.സി റോഡിലും ദേശീയപാതയിലും മണിക്കൂറോളമാണ് വാഹനങ്ങള്‍ കുരുങ്ങികിടക്കുന്നത്.
ട്രാഫിക് നിയമത്തിന്റെ ചുമതലയുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും, എസ്.ഐയും തൊട്ടു താഴെയുള്ള പൊലീസുകാരും ഗതാഗത നിയന്ത്രണത്തിന്റെ ചുമതല ഏല്‍ക്കുകയോ അടിയന്തരസന്ദര്‍ഭങ്ങളില്‍ പോലും ഉത്തരവാദിത്വം നിര്‍വഹിക്കുകയോ ചെയ്യുന്നില്ല. ഹോംഗാര്‍ഡുകളെയാണ് കൃത്യനിര്‍വഹണത്തിന് ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്.
ഇവരെ അംഗീകരിക്കാന്‍ വാഹനം ഓടിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും തയാറല്ല.
ഇതേചൊല്ലി വാക്കേറ്റങ്ങളും പതിവാണ്. പൊലിസില്‍ നിന്നും ഉറപ്പായ സംരക്ഷണം ലഭിക്കുകയില്ലെന്ന് വ്യക്തമായതോടെ നല്ലൊരു ശതമാനം ഹോം ഗാര്‍ഡുകളും ജോലി ഉപേക്ഷിച്ചിട്ടുമുണ്ട്. റോഡുമുറിച്ചുകടക്കാന്‍ കഴിയാതെയും റോഡ് വശങ്ങളിലൂടെ നടക്കാന്‍ കഴിയാതെയും കാല്‍നടയാത്രക്കാര്‍ വലയുകയാണ്.
മുനിസിപ്പാലിറ്റി അധികൃതരും നിസംഗത പാലിക്കുകയാണ്. ഫുട്പാത്തുകള്‍, വ്യാപാരികളും, ഓട്ടോക്കാരും കൈയടക്കിയിരിക്കുകയാണ്. ജീവന്‍ പണയം വച്ചാണ് ഇവിടെ കാല്‍നടയാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."