പുന്നക്കുളത്ത് വീണ്ടും സംഘര്‍ഷം: ഏഴോളം പേര്‍ക്ക് പരുക്ക്
കരുനാഗപ്പളളി: പുത്തന്‍തെരുവ് പുന്നക്കുളത്ത് ഇരു വിഭാഗങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായി. സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴോളം പേര്‍ക്ക് പരുക്കേറ്റു. പിരുക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് എസ്.ഡി.പി.ഐ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഘര്‍ഷവും.
കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ പ്രതിയായ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കുലശേഖരപുരം പുന്നകുളം ആലക്കട തെക്കതില്‍ നിസാറിനെ കഴിഞ്ഞ ദിവസം വൈകിട്ട് കരുനാഗപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതാണ് ഇന്നലെ വീണ്ടും സംഘര്‍ഷത്തിന് കാരണമായത്. നിസാറിന്റെ അറസ്റ്റിനു പിന്നില്‍ സമീപവാസിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പുന്നകുളം വലിയത്ത് വീട്ടില്‍ പൂക്കുഞ്ഞാണെന്ന് ആരോപിച്ച് നിസാറിന്റെ ഭാര്യയും മാതാവും മറ്റ് ബന്ധുക്കളും എസ്.ഡി.പി.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് പൂക്കുഞ്ഞിന്റെ വീട്ടിലേക്ക് ഇരച്ചുകയറി വാക്കേറ്റം ഉണ്ടാവുകയും അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു.
പൂക്കുഞ്ഞിന്റെ ഭാര്യ അഫ്‌സ (55), നോമ്പുതുറക്കെത്തിയ പൂക്കുഞ്ഞിന്റെ സഹോദരന്‍ കരുനാഗപ്പള്ളി പട: വടക്ക് ഫൗസില്‍ മന്‍സിലില്‍ ജലാലിന്റെ ഭാര്യ സുനിയ (40), ഇവരുടെ മകന്‍ ഫൗസില്‍ (20) എന്നിവരെ പരുക്കുകളോടെ കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എതിര്‍ സംഘത്തില്‍പ്പെട്ട നിസാറിന്റെ ഭാര്യ ആലക്കട തെക്കതില്‍ അനീസ (29), ഇവരുടെ മാതാവ് അസുമാബീവി, നിസാറിന്റെ മാതാവ് ഹുസൈഫബീവി, ഇവരുടെ മകള്‍ നബീസത്ത് എന്നിവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഹൃദ്രോഗിയായ നബീസത്തിനെ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന കൊട്ടിക്കലാശത്തിനിടയില്‍ കോണ്‍ഗ്രസ്- എസ്.ഡി.പി.പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പുന്നക്കുളത്ത് സംഘര്‍ഷം വീണ്ടും ആരംഭിച്ചത്. സമീപത്ത് പൊലിസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ പൊലിസ് ഒരു വിഭാഗത്തെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്യുന്നതായും പ്രദേശത്ത് വ്യാപക തെരച്ചില്‍ നടത്തി എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ വേട്ടയാടുന്നതായും പരാതി ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."