ധനകാര്യ സ്ഥാപനങ്ങളെ കേന്ദ്രം തകര്‍ക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തലസ്ഥാനത്തു നടന്ന കെ.എഫ്.സിയുടെ ബിസിനസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ധനകാര്യ സ്ഥാപനങ്ങള്‍ നിലവില്‍വന്നെങ്കിലും ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ അവ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റീഫിനാന്‍സ് ചെയ്യേണ്ടണ്ട സ്ഥാപനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ധനകാര്യ സ്ഥാപനമായ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി).
ഈ സ്ഥാപനം കെ.എഫ്.സി പോലുള്ള സ്ഥാപനങ്ങള്‍ക്കു വായ്പ നല്‍കുന്നത് പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ്. കെ.എഫ്.സി പോലുള്ള സ്ഥാപനങ്ങളെ പൂട്ടിക്കുകയാണ് അവരുടെ ലക്ഷ്യം. കെ.എഫ്.സിയുടെ വായ്പാനയം പ്രധാനമായും കേന്ദ്ര നിയമമായ സംസ്ഥാന ധനകാര്യ കോര്‍പറേഷന്‍ ആക്ട് പ്രകാരമാണ്.
ഇതു കഴിഞ്ഞ 18 വര്‍ഷമായി പരിഷ്‌കരിച്ചിട്ടില്ല. കാലോചിതമായി മാറ്റംവരുത്തിയില്ലെങ്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മത്സരാധിഷ്ടിതമായി നിലനില്‍ക്കാനാകില്ല. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ കെ.എഫ്.സിയെ ഒരു മികച്ച ധനകാര്യ സ്ഥാപനമായി വളര്‍ത്താന്‍ തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെ.എഫ്.സിയുടെ വായ്പാ പരിധി 2021 ആകുമ്പോള്‍ ഇരട്ടിയാക്കുക എന്ന ദീര്‍ഘകാല ലക്ഷ്യത്തോടെയാണ് ബിസിനസ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.
നിലവിലുള്ള വായ്പാ പലിശനിരക്ക് 14.5 ശതമാനത്തില്‍നിന്ന് 9.5 ശതമാനമായി കുറയ്ക്കാന്‍ കോണ്‍ക്ലേവില്‍ തീരുമാനമായി. സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുകയാണ് കെ.എഫ്.സിയുടെ അടുത്ത ലക്ഷ്യം. ഇതിനായി കെ.എഫ്.സി നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടണ്ട്. പുതുസംരംഭകര്‍ക്ക് വ്യവസായം തുടങ്ങുന്നതിനായി 10 ലക്ഷം രൂപ വരെ ലളിത വ്യവസ്ഥകളോടെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും.
ചടങ്ങില്‍ ധനമന്ത്രി ടി.എം തോമസ് ഐസക് അധ്യക്ഷനായി. കെ.എഫ്.സി സി.എം.ഡി സഞ്ജീവ് കൗശിക്, ജനറല്‍ മാനേജര്‍ പ്രേംനാഥ് രവീന്ദ്രനാഥ്, കെ. മുരളീധരന്‍ എം.എല്‍.എ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, പ്രിന്‍സിപ്പല്‍ സെക്രട്ടറി (ഫിനാന്‍സ്) മനോജ് ജോഷി സംസാരിച്ചു.
പുതിയ ക്രെഡിറ്റ് പോളിസിയുടെ പ്രകാശനവും പുതിയ സ്റ്റാര്‍ട്ട്അപ്പ് സ്‌കീമുകളുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മികച്ച സംരംഭകര്‍ക്കുള്ള പുരസ്‌കാരവും മുഖ്യമന്ത്രി സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."