നഗരത്തിലെ റവന്യു ഭൂമി ഏറ്റെടുക്കുന്നതില്‍ അധികൃതര്‍ക്ക് അലംഭാവം
മാനന്തവാടി: വാഹനപ്പെരുപ്പം കൊണ്ട് വീര്‍പ്പു മുട്ടുകയും നഗരത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പോലും സൗകര്യമില്ലാത്ത സാഹചര്യമുണ്ടായിട്ടും റവന്യു വകുപ്പിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുത്ത് റോഡ് വീതികൂട്ടുന്നതിന് അധികൃതര്‍ അലംഭാവം കാണിക്കുന്നതായി ആക്ഷേപം.
നഗരത്തിലെ കോഴിക്കോട് റോഡില്‍ രേഖകളില്‍ റവന്യു ഭൂമിയായിട്ടുള്ള ഭാഗങ്ങളിലെ വീതികൂട്ടല്‍ പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പിന്റെതുള്‍പ്പെടെ അനാസ്ഥ കാരണം നിലച്ചത്.
എന്നാല്‍ ഈ ഭാഗങ്ങളില്‍ വീതികൂട്ടുന്നത് നിലക്കാന്‍ ചില രാഷ്ട്രീയ കക്ഷികള്‍ പിന്നില്‍ നിന്ന് കളിച്ചതായും ആക്ഷേപമുണ്ട്. മാനന്തവാടി വില്ലേജിലെ 593, 594 റീസര്‍വ്വെകളില്‍പ്പെട്ട അഞ്ചര ഏക്കറോളം ഭൂമിയാണ് നഗരത്തിന്റെ ഹൃദയഭാഗത്തായി റവന്യു വകുപ്പിന്റെതായി രേഖകളിലുള്ളത്. എന്നാല്‍ വര്‍ഷങ്ങളായി ഇത് ഒരു സ്ഥാപനത്തിന്റെ കൈവശമാണുള്ളത്. ഭൂമിയുടെ പട്ടയത്തിനായി കൈവശക്കാര്‍ സമീപിച്ചപ്പോള്‍ നിഷേധിക്കുകയും തുടര്‍ന്ന് ഇത് സംബന്ധിച്ച് കോടതിയില്‍ കേസ് നടക്കുകയുമാണ്. എന്നാല്‍ ഇതുവരെയും ഭൂമിയുടെ നികുതി റവന്യു വകുപ്പ് ആരില്‍ നിന്നും സ്വീകരിക്കുകയും ചെയ്തിട്ടില്ല.
രേഖകളില്‍ ഇപ്പോഴും പുറമ്പോക്ക് ഭൂമി എന്നാണ് കാണിച്ചിരിക്കുന്നത്. ഏതാനും വര്‍ഷം മുന്‍പ് പൊതുമരാമത്ത് വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ ഈ ഭാഗത്ത് നിന്നും കുറച്ച് മണ്ണ് നീക്കിയപ്പോള്‍ വന്‍ പ്രതിഷേധം ഉയരുകയും കരിങ്കല്ല് കെട്ടി സ്ഥലം സംരക്ഷിക്കാനുറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന് ശേഷം 2015ല്‍ സബ്കലക്ടറും പള്ളി ഭാരവാഹികളും ജനപ്രതിനിധികളും തമ്മില്‍ ചര്‍ച്ചചെയ്യുകയും കോഴിക്കോട് റോഡില്‍ വീതി കൂട്ടുന്നതിനായി സ്ഥലത്തിന്റെ ഭാഗങ്ങള്‍ വിട്ടുനല്‍കാന്‍ പള്ളിഭാരവാഹികള്‍ തയാറാവുകയും മണ്ണ്‌നീക്കം ചെയ്യുന്ന ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തു സംരക്ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
ഇതുപ്രകാരം സര്‍ക്കാര്‍ 90 ലക്ഷം രൂപ അനുവദിക്കുകയും പ്രവൃത്തികള്‍ തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ 40 ലക്ഷം രൂപയുടെ പ്രവൃത്തി മാത്രം നടത്തി 100 മീറ്ററോളം ഭാഗം വീതികൂട്ടി വാഹന പാര്‍ക്കിങ്ങിനായി സൗകര്യം ഒരുക്കി ബാക്കി പണി ഉപേക്ഷിക്കുകയായിരുന്നു. 50 ലക്ഷം രൂപയുടെ പണി ഏറ്റെടുക്കാന്‍ ആളില്ലെന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. എന്നാല്‍ നിലവിലെ ഭരണകക്ഷിയിലെ ചിലര്‍ ചേര്‍ന്ന് പണി തുടരുന്നത് അവസാനിപ്പിച്ചുവെന്നാണ് ആക്ഷേപം.
നഗരത്തിലെ അനധികൃത നിര്‍മാണങ്ങള്‍ എന്ന പേരില്‍ പലഭാഗങ്ങളില്‍ നിന്നും പരാതികളുയരുമ്പോഴും സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമിയില്‍ വീതി കൂട്ടുന്നതിന് അധികൃതര്‍ കാണിക്കുന്ന അലംഭാവം ദുരൂഹമാണെന്നാണ് ആരോപണം ഉയരുന്നത്.
അമലോത്ഭവമാതാ ദേവാലയത്തിന്റെ കവാടം മുതല്‍ കാത്തലിക് സിറിയന്‍ ബാങ്ക് കെട്ടിടം വരെ വീതി കൂട്ടി വാഹന പാര്‍ക്കിങിന് സൗകര്യമൊരുക്കുന്നതിനായിരുന്നു പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ കരാറിലെത്തിയത്. കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയ ഭാഗങ്ങള്‍ക്ക് ശേഷം ബാക്കിയുള്ള ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഫണ്ട് വകയിരുത്തി റോഡ് സൗകര്യം വര്‍ധിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."