അവരൊന്നിച്ച് കപ്പുയര്‍ത്തി; ഫ്രഞ്ച് കപ്പ് പാരിസ് സെന്റ് ജെര്‍മെയ്‌ന്
പാരിസ്: കായിക സംസ്‌കാരത്തിന്റെ മഹത്തായ മാതൃക ലോകത്തിന് കാട്ടിക്കൊടുത്ത് പാരിസ് സെന്റ് ജെര്‍മെയ്ന്‍ ഫുട്‌ബോള്‍ ടീമും നായകന്‍ തിയാഗോ സില്‍വയും. വിജയിച്ച ടീമിന്റെ നായകനും പരാജയപ്പെട്ട ടീമിന്റെ നായകനും ചേര്‍ന്ന് കപ്പുയര്‍ത്തുക. കായിക ചരിത്രത്തില്‍ അധികം കേട്ടുകേള്‍വിയില്ലാത്ത ഒരു സംഭവമായിരുന്നു സെയ്ന്റ് ഡെനിസിലെ സ്റ്റെയ്ഡ് ഡി ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ ആ നിമിഷം അരങ്ങേറിയത്.
ജയവും തോല്‍വിയും കേവലം നൈമിഷികം മാത്രമാണെന്നും ആത്യന്തികമായി കായിക പോരാട്ടങ്ങളുടെ മഹത്വമാണ് ഏറെ വലുതെന്നും ഈയൊരു സംഭവം മനുഷ്യനെ ബോധ്യപ്പെടുത്തുന്നു. വംശീയ അധിക്ഷേപമടക്കമുള്ള വിഷയങ്ങള്‍ ഏറിയും കുറഞ്ഞും നടക്കുന്ന കാല്‍പന്ത് മൈതാനത്ത് നിന്ന് സമീപകാലത്ത് കണ്ട ഏറ്റവും ഉജ്ജ്വലമായ കാഴ്ചയായിരുന്നു അത്.
ഫ്രഞ്ച് കപ്പ് സ്വന്തമാക്കി പി.എസ്.ജി സീസണിലെ മൂന്നാം ഡൊമസ്റ്റിക്ക് കിരീടം നേടി ആഹ്ലാദിക്കുന്നതിനിടെയിലാണ് സംഭവം അരങ്ങേറിയത്. ഫൈനലില്‍ മൂന്നാം ഡിവിഷന്‍ ടീം ലെസ് ഹെര്‍ബിയേഴ്‌സിനെ വീഴ്ത്തിയാണ് പി.എസ്.ജി കിരീടം നേടിയത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പി.എസ്.ജിയുടെ വിജയം. വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിക്കാനായി പി.എസ്.ജി ക്യാപ്റ്റന്‍ തിയാഗോ സില്‍വയേയും ടീം അംഗങ്ങളേയും ക്ഷണിച്ച സമയത്ത് സില്‍വ കപ്പുയര്‍ത്താനായി എതിര്‍ ടീം നായകന്‍ സെബാസ്റ്റ്യന്‍ ഫ്‌ളോക്കോണിനേയും വേദിയിലേക്ക് വിളിച്ചു. ഇരുവരും തോളോട് തോള്‍ ചേര്‍ന്നാണ് കപ്പുയര്‍ത്തിയത്.
സീസണില്‍ പി.എസ്.ജി നേടുന്ന മൂന്നാമത്തെ കിരീടമാണിത്. ഫ്രഞ്ച് ലീഗ് വണ്‍ കിരീടം ഉറപ്പാക്കിയ അവര്‍ നേരത്തെ ഫ്രഞ്ച് ലീഗ് കപ്പും നേടിയിരുന്നു. പിന്നാലെയാണ് ഫ്രഞ്ച് കപ്പുയര്‍ത്തി ഹാട്രിക്ക് തികച്ചത്. തുടര്‍ച്ചയായി നാലാം സീസണിലാണ് ഫ്രഞ്ച് കപ്പ് പി.എസ്.ജി ഷോക്കേസിലെത്തിക്കുന്നത്. പരുക്ക് മാറി പി.എസ്.ജി ടീമിനൊപ്പം ചേര്‍ന്ന ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും ടീമിന്റെ കിരീട ആഘോഷത്തില്‍ സജീവമായി പങ്കെടുത്തു.
പി.എസ്.ജിയെ സംബന്ധിച്ച് ലെസ് ഹെര്‍ബിയേഴ്‌സ് എതിരാളിയേ ആയിരുന്നില്ല. മത്സരത്തില്‍ ലെസ് ഹെര്‍ബിയേഴ്‌സ് കാഴ്ചക്കാരായി നിന്നു. കടുത്ത പ്രതിരോധം തീര്‍ത്തതിനാല്‍ മാത്രം ഗോളിന്റെ എണ്ണം രണ്ടില്‍ ഒതുങ്ങി. 29 തവണയാണ് പി.എസ്.ജി എതിര്‍ ബോക്‌സില്‍ ഗോളിനായി ശ്രമം നടത്തിയത്.
ഇരു പകുതികളിലായി ജിയോവാനി ലോ സെലോ, എഡിന്‍സന്‍ കവാനി എന്നിവരുടെ ഗോളുകളാണ് പി.എസ്.ജിക്ക് വിജയമൊരുക്കിയത്. മത്സരത്തില്‍ 74 ശതമാനവും പന്ത് ഫ്രഞ്ച് ഭീമന്‍മാരുടെ പക്കല്‍ തന്നെയായിരുന്നു. ലക്ഷ്യത്തിനടുത്തെത്തിയ ഒരു ശ്രമം മാത്രമാണ് ലെസ് ഹെര്‍ബിയേഴ്‌സ് നടത്തിയത്. 26ാം മിനുട്ടിവാണ് ജിയോവാനി ലോ സെലോ പി.എസ്.ജിക്ക് ലീഡൊരുക്കിയത്. പിന്നീട് 74ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കവാനി വലയിലാക്കുകയായിരുന്നു.
മൂന്നാം ഡിവിഷനില്‍ നിന്ന് ശക്തരായ ടീമുകളോട് പൊരുതി ഫൈനല്‍ വരെയെത്തിയ ലെസ് ഹെര്‍ബിയേഴ്‌സിന്റെ പോരാട്ട വീര്യത്തെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല. ദാവീദും ഗോലിയാത്തും പോലെയായിരുന്നു പി.എസ്.ജിയും ലെസ് ഹെര്‍ബിയേഴ്‌സും തമ്മിലുള്ള പോരാട്ടം. പക്ഷേ ലോകത്തര താരങ്ങള്‍ അണിനിരന്ന ലീഗ് വണിലെ കരുത്തര്‍ക്കെതിരേ മികച്ച പോരാട്ടം പുറത്തെടുക്കാന്‍ അവര്‍ക്ക് സാധിച്ചു. മത്സരത്തിന്റെ ഫൈനല്‍ വരെയെത്തി മുന്‍നിരയിലെ ചാംപ്യന്‍ ടീമിനോട് തന്നെ മത്സരിക്കാന്‍ അവസരം ലഭിച്ചതും അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന ഘടകമാണ്. ആ ടീമിനെ സംബന്ധിച്ച് പരാജയത്തിന് കിരീട വിജയത്തേക്കാള്‍ മാധുര്യം നല്‍കിയ നിമിഷം കൂടിയായിരിക്കും കടന്നുപോയത്.
ഡാനി ആല്‍വ്‌സിന് പരുക്ക്
പാരിസ്: പി.എസ്.ജിയുടെ ബ്രസീല്‍ താരം ഡാനി ആല്‍വ്‌സിന് പരുക്ക്. താരത്തിന് ഫ്രഞ്ച് കപ്പ് ഫൈനലിനിടെ കാല്‍മുട്ടിന് പരുക്കേല്‍ക്കുകയായിരുന്നു. മൂന്നാഴ്ചത്തെ വിശ്രമം ബ്രസീല്‍ താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. താരത്തിന്റെ പരുക്ക് ബ്രസീല്‍ ടീമിന് വേവലാതിയാകില്ല. ലോകകപ്പിന് മുന്നോടിയായി അല്‍വ്‌സ് ബ്രസീല്‍ ടീമില്‍ തിരിച്ചെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."