പെട്രോള്‍ പമ്പില്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം
കാഞ്ഞങ്ങാട്: നഗര മധ്യത്തിലെ പെട്രോള്‍ പമ്പില്‍ തീപിടിച്ചു. തീപിടിത്തം ഉടന്‍ ശ്രദ്ധയില്‍ പെട്ടതിനാല്‍ ഒഴിവായത് വന്‍ ദുരന്തം. കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തെ പെട്രോള്‍ പമ്പിലെ ഓഫിസ് മുറിയിലാണ് ഇന്നലെ രാവിലെ ആറരയോടെ തീപിടുത്തം ശ്രദ്ധയില്‍ പെട്ടത്. രാവിലെ കാവല്‍ക്കാരന്‍ ഓഫിസ് പരിസരത്ത് എത്തിയപ്പോള്‍ കടുത്ത ചൂട് അനുഭവപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ പമ്പിലെ ജീവനക്കാരനായ ചന്ദ്രനെ വിവരമറിയിച്ചു. തീപിടുത്തം ശ്രദ്ധയില്‍പെട്ടതോടെ ചന്ദ്രന്‍ കാഞ്ഞങ്ങാട്ടെ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.
ഓഫിസ് രേഖകളും കംപ്യൂട്ടര്‍, സി.സി കാമറ ഉള്‍പ്പെടെയുള്ള സാധനങ്ങളും കത്തിച്ചാമ്പലായി. നഗരത്തിലെ പ്രധാന പാതക്ക് അരികിലായി സ്ഥിതി ചെയ്യുന്ന ഏറെ തിരക്ക് പിടിച്ച പമ്പിലാണ് അതിരാവിലെ തന്നെ തീപിടിത്തമുണ്ടായത്. തീ ഓഫിസിന് പുറത്തേക്ക് പടര്‍ന്നിരുന്നുവെങ്കില്‍ തൊട്ടടുത്ത വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഒട്ടനവധി സ്ഥാപനങ്ങള്‍ ആളി കത്തുകയും നഗരം മുഴുവനും തീപടരുന്ന അവസ്ഥയും ഉണ്ടാകുമായിരുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."