റെയില്‍വേക്ക് ഒക്ടോബര്‍ മുതല്‍ പുതിയ ടൈംടേബിള്‍
തിരുവനന്തപുരം: ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ പുതുക്കിയ ടൈംടേബിള്‍ അനുസരിച്ചായിരിക്കും ട്രെയിന്‍ സര്‍വീസുകള്‍ നടത്തുക. കഴിഞ്ഞ ഒക്ടോബറിലാണ് ടൈംടേബിള്‍ പരിഷ്‌കരിച്ചത്. ചില പ്രത്യേക മേഖലകളില്‍ മഴക്കാലത്തോടനുബന്ധിച്ചുള്ള സമയക്രമ പരിഷ്‌കരണം മാത്രമാണ് ഇതിനിടയില്‍ ഉണ്ടായത്.
റെയില്‍വേയില്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നു എന്ന വാര്‍ത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിലാണു റെയില്‍വേ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ മുതല്‍ റെയില്‍വേയില്‍ ചില മാറ്റങ്ങളും പുതിയ സൗകര്യങ്ങളും വരുന്നു എന്നു ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. ജൂലൈ മുതല്‍ അത്തരത്തില്‍ ഒരു മാറ്റവും വരുന്നില്ല. ഓണ്‍ലൈന്‍ വഴിയും കൗണ്ടര്‍ വഴിയും വെയിറ്റിങ്‌ലിസ്റ്റ് ടിക്കറ്റുകള്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. അത് മാറ്റമില്ലാതെ തുടരും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആരംഭിച്ച സുവിധ ട്രെയിനുകളുടെ സര്‍വീസ് മുടക്കമില്ലാതെ തുടരും. ഈ ട്രെയിനിനും വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റ് ലഭിക്കും.
ടിക്കറ്റ് റീഫണ്ട് ചെയ്യുന്നതിനു പുതിയ ചട്ടം കൊണ്ടുവന്നതു കഴിഞ്ഞ നവംബറിലാണ്. അതിപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. ശതാബ്ദി, രാജധാനി ട്രെയിനുകള്‍ക്കോ, ഏതെങ്കിലും പ്രത്യേക ക്ലാസിലോ പേപ്പര്‍ ടിക്കറ്റ് നിര്‍ത്തലാക്കാനുള്ള ഒരു നിര്‍ദേശവും റെയില്‍വേക്കു മുന്നിലില്ല. ഓണ്‍ലൈനായി ടിക്കറ്റ് റിസര്‍വ് ചെയ്യുമ്പോള്‍ ലഭിക്കുന്ന എസ്.എം.എസ്, കൂടെ തിരിച്ചറിയല്‍കാര്‍ഡ് കൂടി ഉണ്ടെങ്കില്‍ യാത്രയ്ക്കു മതിയായ രേഖയാണ്. ഈ സംവിധാനവും തുടരും. തത്കാല്‍ ടിക്കറ്റ് ബുക്കിങ് രീതിയില്‍ മാറ്റം വരുത്തിയതു കഴിഞ്ഞവര്‍ഷമാണ്. എ.സി ടിക്കറ്റുകളുടെ റിസര്‍വേഷന്‍ യാത്രാദിനത്തിനു തലേന്ന് രാവിലെ 10നും എ.സി അല്ലാത്ത ടിക്കറ്റുകളുടേത് 11നും തുടങ്ങുക എന്ന രീതിയിലായിരുന്നു ആ മാറ്റം. ഈ സമയക്രമവും തുടരും.
ടിക്കറ്റ് ബുക്കിങിന് പുതിയ പദ്ധതിയോ പുതിയ നിരക്ക് ഏര്‍പ്പെടുത്തില്ല. തത്കാല്‍ ടിക്കറ്റ് റീഫണ്ട് വ്യവസ്ഥയിലും മാറ്റമുണ്ടാവില്ല. റിസര്‍വേഷന്‍ ഉറപ്പായ തത്കാല്‍ ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ റീഫണ്ട് അനുവദിക്കുന്നില്ല. ഇതും തുടരും. യാത്രാവിവരങ്ങള്‍ ലഭ്യമാക്കാനുള്ള 139 ഹെല്‍പ്‌ലൈന്‍ നമ്പര്‍ നിലവിലുണ്ട്. ഇതിനു പുറമെ രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ രാത്രി 11 മുതല്‍ രാവിലെ ആറു വരെ വിവരങ്ങളറിയാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ സംവിധാനം മാറ്റമില്ലാതെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."