ടൗണ്‍ റോഡ് വികസനം: പൊതുമരാമത്ത് മന്ത്രി നല്‍കിയ ഉറപ്പ് പാഴായി
മാള: ടൗണ്‍ റോഡ് വികസനത്തെകുറിച്ചു പൊതുമരാമത്ത് വകുപ്പ് മന്ത്രി മാളക്കാര്‍ക്കു നല്‍കിയ ഉറപ്പ് പാഴായി. മാള ടൗണ്‍ റോഡ് വികസനം ഉടന്‍ നടപ്പിലാക്കുമെന്നാണു റോഡ് നിര്‍മാണോദ്ഘാടന വേളയില്‍ മന്ത്രി പറഞ്ഞത്. മന്ത്രിയുടെ ഉദ്ഘാടന സംഭാഷണം കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞിട്ടും ടൗണ്‍ റോഡ് വികസനത്തിന്റെ ഭാഗമായി യാതൊന്നും നടന്നിട്ടില്ല എന്നതാണു വസ്തുത. മാര്‍ച്ച് മാസം കഴിഞ്ഞതോടെ നിര്‍മാണം ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍ ഇതില്‍നിന്നു പിന്‍മാറുക കൂടി ചെയ്തതോടെ ടൗണ്‍ റോഡ് വികസനം സ്തംഭിച്ച അവസ്ഥയിലാണ്.
യൂണിയന്‍ ബാങ്ക് ജംങ്ഷന്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് വരെയുള്ള ടൗണ്‍ റോഡ് വീതി കൂട്ടി ടാറിങ് നടത്തുകയും കാനകള്‍ നടപ്പാത എന്നിവ നിര്‍മിച്ചു ടൈല്‍ വിരിച്ച് കൈവരികള്‍ സ്ഥാപിച്ചു റോഡ് മനോഹരമാക്കുന്ന പദ്ധതിക്കാണ് രൂപം നല്‍കിയിരുന്നത്. ഇതിനായി ഫണ്ട് അനുവദിക്കുകയും കരാര്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍മാണത്തിനു ആവശ്യമായ സ്ഥലം അളന്നു തിട്ടപ്പെടുത്തി നല്‍കുന്നതില്‍ പൊതുമരാമത്ത് വകുപ്പ് നടത്തിയ മെല്ലെ പോക്കാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അറിയുന്നു.
റോഡിലെ വൈദ്യുതി പോസ്റ്റുകളും മറ്റ് തടസങ്ങളും നീക്കി നല്‍കേണ്ട ബാധ്യത പൊതുമരാമത്ത് വകുപ്പിനാണ്. മാര്‍ച്ച് 31 സാമ്പത്തീക വര്‍ഷം അവസാനിച്ചതോടെ കരാറുകാരന്‍ പദ്ധതിയില്‍ നിന്ന് പിര്‍മാറുന്നതായി കാണിച്ച് ഉദ്യോഗസ്ഥര്‍ക്ക് കത്ത്,
നല്‍കിയിട്ടുണ്ട്. ഇനി പുതിയ കരാറുകാരനെ,കണ്ടെത്തിയാല്‍ മാത്രമേ പണി നടത്താന്‍ സാദിക്കുകയുള്ളൂ. എന്നാല്‍ കരാറുകാരന്‍ ചെയ്തത് സ്വാഭാവിക നടപടി മാത്രമാണെന്നും സമയം വൈകിയതിനാല്‍, എസ്റ്റിമേറ്റില്‍ മാറ്റം വരുത്തി നിര്‍മാണം നടത്താന്‍ സാദിക്കുമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ പറയുന്നത്. കരാറുകാരന്‍ ടെന്‍ഡര്‍ എടുത്ത ശേഷം എസ്റ്റിമേറ്റില്‍ ചില ഉദ്യോഗസ്ഥര്‍ മാറ്റം വരുത്തിയതാണ് പിന്‍മാറ്റത്തിന് കാരണമെന്നറിയുന്നു.
കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ശീതസമരവും പദ്ധതി തടസപ്പെടാന്‍ കാരണമായിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പദ്ധതി നടത്തിപ്പിനായി ഉദ്യോഗസ്ഥര്‍ ഭൂമി അളക്കാന്‍ എത്തിയപ്പോള്‍ അതിനെ തടസപ്പെടുത്താന്‍ ചില പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കള്‍ രംഗത്ത് വന്നതും പദ്ധതിയുടെ തടസത്തിന് കാരണമായതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ ഒരു പാര്‍ട്ടിയിലെ നേതാക്കളെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് താക്കീത്‌ചെയ്തതായും സൂചനയുണ്ട്.
ടൗണ്‍ വികസനത്തിന് വ്യാപാരികള്‍ നിസാര വിലക്ക് ഭൂമി വിട്ട് നല്‍കിയിട്ടും നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് പൊതുമരാമത്ത് വകുപ്പിന്റെ പിടിപ്പ് കേടാണെന്നാണ് പൊതുജന സംസാരം .നിലവിലുള്ള റോഡ് ഇപ്പോഴും കൃത്യമായി ടാറിങ് ഇല്ലാതെ സഞ്ചാര യോഗ്യമല്ലാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.
ഒരു വ്യാപാരിയുടെ സ്ഥലം ഇപ്പോഴും വിട്ട് കിട്ടാത്തതാണ് ടൗണ്‍ റോഡ് വികസനം തടസപ്പെടാന്‍കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വാദം. എന്നാല്‍ ആ വ്യാപാരിക്കെതിരെ പഞ്ചായത്ത് നടപടി സ്വീകരിച്ചതാണ് പ്രശ്‌നമായതെന്നാണ് വ്യാപാരികളുടെ ആരോപണം .പഞ്ചായത്തിന്റെ നടപടിക്കെതിരെ ഈ വ്യാപാരി കോടതിയെ സമീപിക്കുകയായിരുന്നു. ഈ വ്യാപാരി വിട്ട് നല്‍കിയ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാന്‍ തടസമില്ലെന്നിരിക്കെ വികസനത്തിന് ഇതൊരു തടസമാണെന്ന വാദം ശരിയല്ലെന്നും വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നു. ടൗണ്‍ റോഡിന്റെ വികസനം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."