സഊദി ഗള്‍ഫ് എയര്‍ലൈന്‍സ് ആഭ്യന്തര സര്‍വീസ് സെപ്തംബറില്‍ തുടങ്ങും
ജിദ്ദ: സഊദി ഗള്‍ഫ് എയര്‍ലൈന്‍സിന്റെ ആഭ്യന്തരവിമാന സര്‍വീസ് സപ്തംബറില്‍ ആരംഭിക്കും. ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നായിരിക്കും ആദ്യ സര്‍വീസ് നടത്തുകയെന്ന് സഊദി വ്യോമയാന അതോററ്റി സുരക്ഷാ വിഭാഗം മേധാവി അബ്ദുള്‍ ഹക്കീം അല്ബദ്ര് അറിയിച്ചു. സഊദി ഗള്‍ഫ് വിമാന കമ്പനിയുടെ അന്താരാഷ്ട്ര സര്‍വീസ് ഡിസബറിലാണ് തുടങ്ങുക. ദുബായിലേക്കായിരിക്കും ആദ്യ സര്‍വീസ്. കഴിഞ്ഞ ദിവസം ദമ്മാമില്‍ നടന്ന ചടങ്ങില്‍ സഊദി ഗതാഗത മന്ത്രി കമ്പനിക്കുള്ള എയര്‍ ഓപറേറ്റസ് സര്‍ട്ടിഫിക്കറ്റ് കൈമാറി. ലൈസന്‍സിനു വേണ്ട എല്ലാ നിബന്ധനകളും പൂര്‍ത്തിയാക്കുകയും പൈലറ്റുമാര്‍ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ പരീശീലനം നല്‍കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.
മൂന്നു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കമ്പനിക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുന്നത്. ദമ്മാമിലെ അബ്ദുള്‍ ഹാദി അബ്ദുല്ല അല്‍ ഖഹ്ത്താനി ആന്‍ഡ് സണ്‍സ് കമ്പനിയാണ് സഊദി ഗള്‍ഫ് എയര്‍ലൈന്‍സിന്റെ ഉടമസ്ഥര്‍.
തുടക്കത്തില്‍ ദമ്മാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് ദിവസത്തില്‍ രണ്ടു സര്‍വീസ് വീതമാണ് നടത്തുക. പിന്നീട് അബഹ, മദീന,ഖസീം, തബൂക്ക് എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കും.
സഊദിയില്‍ ആഭ്യന്തര വിമാന സര്‍വീസ് നടത്തുന്നതിന് കൂടുതല്‍ കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ വ്യോമയാന മന്ത്രാലയം നേരത്തേ തത്വത്തില്‍ തീരുമാനമെടുത്തിരുന്നു. സഊദി ഗള്‍ഫ് എയര്‍ലൈന്‍സിനു പുറമെ ഖത്തര്‍ എയര്‍വേസിന്റെ ഉടമസ്ഥതയിലുള്ള മഹാ എയര്‍വേസിനും സഊദിയില്‍ ആഭ്യന്തര സര്‍വീസ് അനുമതി നേരത്തേ ലഭിച്ചിട്ടുണ്ട്. നിലവില്‍ 90 ശതമാനം ആഭ്യന്തര സര്‍വീസുകളും സഊദി എയര്‍ലൈന്‍സാണ് നടത്തിയിരുന്നത്. ശേഷിക്കുന്നവ ഫ്ളൈ നാസ് എയര്‍ലൈന്‍സുമാണ്. യാത്രാ നിരക്കിന്റെയും സേവനത്തിന്റെയും കാര്യത്തില്‍ എയര്ലൈന്സുകള്ക്കിടയിലെ മത്സരം യാത്രക്കാര്‍ക്ക് ഗുണകരമാവുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."