സഊദിയില്‍ സ്‌കൂള്‍ ഗതാഗത മേഖലയില്‍ സമ്പൂര്‍ണ സഊദിവല്‍ക്കരണം നടപ്പാക്കുന്നു
റിയാദ്: സഊദിയില്‍ സ്‌കൂള്‍ ഗതാഗത മേഖലയില്‍ സമ്പൂര്‍ണ സഊദിവല്‍ക്കരണം നടപ്പാക്കുന്നു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നല്‍കുന്ന യാത്രാ സൗകര്യമടക്കം ഗതാഗത മേഖലയിലെ മുഴുവന്‍ തസ്തികകളും സഊദികളെ നിയമിക്കാനാണ് തീരുമാനം.
ഇത്തരത്തില്‍ സര്‍വിസ് നടത്തുന്ന ബസുകളിലും വാനുകളിലും ചെറു കാറുകളിലുമടക്കം മുഴുവന്‍ ഗതാഗത വാഹനങ്ങളിലും സമ്പൂര്‍ണ സഊദിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനത്തില്‍ പൊതു ഗതാഗത വകുപ്പും തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവും തമ്മില്‍ ഒപ്പുവച്ചു.
പുതിയ സമ്പൂര്‍ണ സഊദിവല്‍ക്കരണ പദ്ധതികളിലൂടെ പന്ത്രണ്ടായിരത്തിലേറെ സഊദികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് പൊതു ഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ: റുമൈഹ് അല്‍ റുമൈഹ് പറഞ്ഞു.
വാണിജ്യാടിസ്ഥാനത്തില്‍ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനം നല്‍കുന്നസ്ഥാപനങ്ങളില്‍ രണ്ടു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. റിയാദ്, മക്ക, ജിദ്ദ, ദമാം നഗരങ്ങളിലൊഴികെ രാജ്യത്തെ മുഴുവന്‍ നഗരങ്ങളിലും അടുത്ത അധ്യയന വര്‍ഷം മുതല്‍ നിയമം നടപ്പിലാക്കും. മറ്റു നഗരങ്ങളില്‍ ഹിജ്‌റ വര്ഷം 1441 ല്‍ നിലവില്‍ വരുന്ന രണ്ടാം ഘട്ടത്തിലായിരിക്കും സമ്പൂര്‍ണ സഊദി വല്‍ക്കരണം നടപ്പാക്കുക.
പദ്ധതികള്‍ നടപ്പാക്കുന്നതിന് പൊതു ഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ: റുമൈഹ് അല്‍ റുമൈഹ്, തൊഴില്‍ സാമൂഹിക വികസന ഡെപ്യൂട്ടി മന്ത്രി ഡോ: അബ്ദുല്ല അബൂസ്‌നൈനും തമ്മിലാണ് ഒപ്പുവച്ചത്. സാമ്പത്തിക വികസനത്തില്‍ സഊദി യുവതീ-യുവാക്കളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് അനുയോജ്യമായ തൊഴില്‍ സാഹചര്യങ്ങളില്‍ സഊദികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് വിവിധ പദ്ധതികളില്‍ വഴി തൊഴില്‍ വിപണി ക്രമീകരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രി ഡോ: അലി അല്‍ ഖഫീസ് പറഞ്ഞു.
ചടങ്ങില്‍ മാനവ ശേഷി വികസന നിധി ഡയറക്റ്റര്‍ ജനറല്‍ ഡോ: മുഹമ്മദ് അല്‍ സുദൈരി, സഊദി വല്‍ക്കരണ കാര്യങ്ങള്‍ക്കുള്ള തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സിക്രട്ടറി എന്‍ജിനീയര്‍ ഗാസി അല്‍ ശഹ്‌റാനിയടക്കം തൊഴില്‍ മന്ത്രാലയത്തിലെയും പൊതുഗതാഗത അതോറിറ്റിയിലെയും ഗതാഗത മന്ത്രാലയത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."