പെട്രോള്‍ പമ്പില്‍ തോക്കുചൂണ്ടി പണം കവര്‍ന്നു
കട്ടാങ്ങല്‍ (കോഴിക്കോട്): കട്ടാങ്ങലില്‍ പെട്രോള്‍ പമ്പില്‍ മോഷ്ടാവ് തോക്കുചൂണ്ടി പണം കവര്‍ന്നു.
കട്ടാങ്ങല്‍ പഴയ ധന്യ തീയറ്ററിനു സമീപം അനിഷയുടെ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം പമ്പിലാണ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ കവര്‍ച്ച നടന്നത്.
മോഷ്ടാവ് 10,8,000 രൂപ കവര്‍ന്നതായി ഉടമ പറയുന്നു. സാധാരണ 10ന് അടക്കാറുള്ള പമ്പ് ശക്തമായ മഴ കാരണം രാത്രി 9.30ന് അടക്കാന്‍ ഉടമ പറയുകയായിരുന്നു. പണം തിട്ടപ്പെടുത്തി വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ മുഖമൂടി ധരിച്ച ഒരാള്‍ തോക്കുചൂണ്ടി പമ്പിന്റെ പുറകുവശത്തുകൂടി ഓഫിസില്‍ കയറി വരികയായിരുന്നെന്ന് അനിഷ പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ പമ്പുടമയും മൂന്ന് ജീവനക്കാരുമാണ് പമ്പില്‍ ഉണ്ടായിരുന്നത്.
തോക്ക് ചൂണ്ടിയപ്പോള്‍ ഉടമ കസേരക്ക് താഴെ ഒളിക്കുകയായിരുന്നു.
ആംഗ്യ ഭാഷയിലാണ് മോഷ്ടാവ് പണം ആവശ്യപ്പെട്ടത്. പമ്പില്‍ ഉണ്ടായിരുന്ന ചില്ലറ അടക്കമുള്ള പണം മോഷ്ടാവ് കൊണ്ടുപോയെന്നുമാണ് പമ്പുടമ പൊലിസില്‍ മൊഴി നല്‍കിയിരിക്കുന്നത്.
വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പമ്പിലെ സി.സി.ടി.വി സംഭവസമയം തകരാറിലായിരുന്നതായാണ് പറയുന്നത്.
സമീപത്തെ കടകളിലെ സി.സി.ടി.വി പരിശോധിച്ച് വരികയാണെന്നും സി.സി.ടി.വി വിവരങ്ങള്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്നും കേസന്വേഷിക്കുന്ന കുന്ദമംഗലം പൊലിസ് എസ്.ഐ വിശ്വനാഥന്‍ പറഞ്ഞു.
നോര്‍ത്ത് അസി. കമ്മിഷണര്‍ പ്രിഥ്വിരാജനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ സ്ഥലം സന്ദര്‍ശിച്ചു. അതേസമയം പ്രതി പിടിയിലായതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."