ഉറുദുവിലും വിദേശ ഭാഷകളിലും തോല്‍വി ഇല്ല, വില്ലനായി ഇംഗ്ലീഷ്, മലയാളത്തില്‍ ലക്ഷത്തോളം എ പ്ലസ്
മലപ്പുറം: ഹയര്‍സെക്കന്‍ഡറി പരീക്ഷാര്‍ഥികളെ ഈ വര്‍ഷവും കുഴക്കിയത് ഇംഗ്ലിഷ്. പ്ലസ്ടു ഫലം പുറത്തുവന്നപ്പോള്‍ ഇംഗ്ലിഷ് പരീക്ഷയില്‍ തോല്‍വി രുചിച്ചത് 34,429 പേര്‍. 33991 പേര്‍ ഡി ഗ്രേഡും 438 പേര്‍ ഇ ഗ്രേഡും നേടിയാണ് പരാജയപ്പെട്ടത്. കഴിഞ്ഞ വര്‍ഷം 37123 വിദ്യാര്‍ഥികളാണ് ഇംഗ്ലിഷില്‍ മാത്രം പരാജയപ്പെട്ടത്. സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലായി 3,69,021 വിദ്യാര്‍ഥികളാണ് ഇംഗ്ലിഷ് പരീക്ഷ എഴുതിയത്. ഇതില്‍ 334592 പേര്‍ മറുകര കയറി. അതേസമയം ഒരാളെ പോലും തോല്‍പ്പിക്കാത്ത വിഷയങ്ങളുമുണ്ട്. 2509 പേര്‍ പരീക്ഷ എഴുതിയ ഉറുദുവില്‍ ഒരാള്‍ പോലും തോറ്റില്ല. ജയിച്ചവരില്‍ എല്ലാവര്‍ക്കും ബി ക്കു മുകളില്‍ ഗ്രേഡും ലഭിച്ചു. അറബി, തമിഴ് വിഷയങ്ങളും ഇതുതന്നെയാണ് സ്ഥിതി. വിദേശഭാഷകളായ ഫ്രഞ്ച്, ലാറ്റിന്‍, സിറിയക്, ജര്‍മന്‍, റഷ്യന്‍ ഭാഷകള്‍ തെരഞ്ഞെടുത്ത വിദ്യാര്‍ഥികളില്‍ മുഴുവന്‍ പേരും വിജയിച്ചു.
വിദേശ ഭാഷകളായ ഫ്രഞ്ച്, ലാറ്റിന്‍, സിറിയക്, ജര്‍മന്‍, റഷ്യന്‍ എന്നിവ ഉപഭാഷവിഷയങ്ങളായി തെരഞ്ഞെടുത്ത് പരീക്ഷ എഴുതിയ മുഴുവന്‍ പേരും ഇതില്‍ കഴിഞ്ഞ വര്‍ഷവും വിജയിച്ചിരുന്നു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് എ പ്ലസ് ലഭിച്ച വിഷയം മലയാളമാണ്. മലയാളത്തില്‍ 91414 പേര്‍ക്കാണ് എ പ്ലസ് ലഭിച്ചത്. ഇതില്‍1686 പേര്‍ മാത്രമേ പരാജയപ്പെട്ടുള്ളൂ. ഇംഗ്ലിഷ് കഴിഞ്ഞാല്‍ രണ്ടാമത് തോല്‍വിയുള്ളത് കണക്കിലാണ്. 179990 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ ഗണിതത്തില്‍ 158821 പേര്‍ വിജയിച്ചു. 21,169 വിദ്യാര്‍ഥികളെ കണക്കു കുഴപ്പിച്ചു.
90നു മുകളില്‍ വിജയശതമാനമുള്ള 42 വിഷയങ്ങളാണുള്ളത്. ഇംഗ്ലിഷ് (90.67), മലയാളം(99.12),സംസ്‌കൃതം(99.99), കന്നട(99.11), ബയോളജി(95.15), കംപ്യൂട്ടര്‍ സയന്‍സ്(90.92), ഹോം സയന്‍സ്(92.99), ഇലക്ട്രോണിക്‌സ്(97.13), ജിയോളജി(90.70), ഹിസ്റ്ററി(90.63), പൊളിറ്റിക്‌സ്(90.32), ജോഗ്രഫി(93.38),സോഷ്യോളജി(94.25), മ്യൂസിക്(94.97), ഗാന്ധിയന്‍ സ്റ്റഡീസ്(98.40), ഫിലോസഫി(91.61), സോഷ്യല്‍ വര്‍ക്ക്(94), മലയാളം(98.86), സൈക്കോളജി(93.35), കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്(92.16), കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍-ഹ്യൂമാനറ്റീസ്(90.15), ജേര്‍ണലിസം(94.90), ഇംഗ്ലിഷ് സാഹിത്യം(92.13, ആന്ത്രോപ്പോളജി(98.09), ബിസിനസ് സ്റ്റഡീസ് വിത്ത് എഫ്.എം(94.33), ഇസ്‌ലാമിക് ഹിസ്റ്ററി(94.10), കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍-കൊമേഴ്‌സ്(92.87) എന്നിങ്ങനെയാണ്.
ഏറ്റവും കുറവ് വിജയ ശതമാനമുള്ള വിഷയം അക്കൗണ്ടന്‍സി വിത്ത് എ.എഫ്.സി ആണ്. 86.96 ആണ് വിജയ ശതമാനം. ഗണിതം, അക്കൗണ്ടന്‍സി(സി.എ), സ്റ്റാറ്റിസ്റ്റിക്, എക്കണോമിക്‌സ്, കെമിസ്ട്രി, ഫിസിക്‌സ് എന്നിവയില്‍ വിജയ ശതമാനം 90നു താഴെയായാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."