മലമ്പുഴ ഉദ്യാന നവീകരണത്തില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നെന്ന്
പാലക്കാട്: മലമ്പുഴ ഉദ്യാന നവീകരണത്തില്‍ ലക്ഷങ്ങളുടെ അഴിമതി. രണ്ടാംഘട്ട പദ്ധതിയിലെ അഴിമതികള്‍ക്കെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. ഉദ്യാന നവീകരണവുമായി ബന്ധപ്പെട്ട് 49,26,864 ലക്ഷം രൂപയൂടെ അഴിമതിയാണ് കണ്ടെത്തിയത്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 21.87 കോടി രൂപയാണ് മലമ്പുഴ ഉദ്യാന നവീകരണത്തിന് അനുവദിച്ചത്.
ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കണമെന്നതായിരുന്നു കരാര്‍. എന്നാല്‍ 2012 മാര്‍ച്ച് 31ന് മുമ്പ് ചെയ്തു തീര്‍ക്കുന്നതിനായി പബ്ലിക് റിലേഷന്‍സ് വകുപ്പിന് പത്രപരസ്യം കൊടുക്കാതെ നേരിട്ട് പത്രപരസ്യം നല്‍കുന്നതിനായി 35 ലക്ഷം രൂപയോളം അനുവദിച്ചു. മഹാനുദേവന്‍ എന്ന ഉദ്യോഗസ്ഥനായിരുന്നു പദ്ധതി ചുമതല. ഒരുവര്‍ഷം എന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ല. ഇതുസംബന്ധിച്ച് 2013 ഡിസംബര്‍ 30ന് പാലക്കാട് വിജിലന്‍സ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയെങ്കിലും ഉന്നത ഇടപെടലുകള്‍ മൂലം അന്വേഷണം പാതിവഴിയില്‍ നിലച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കുവാന്‍ അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വിജിലന്‍സ് നടപടികള്‍ അവസാനിപ്പിച്ച് ജലസേചന വകുപ്പിലേക്ക് അന്വേഷണം മാറ്റുകയുമായിരുന്നു. അന്ന് വെറും 14597 രൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്.
തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പാലക്കാട് വിജിലന്‍സ് ഡിവൈ.എസ്.പിയോട് അന്വേഷണത്തിനായി ഉത്തരവിട്ടു. 2017 ഫെബ്രുവരി 21ന് നടത്തിയ ക്വിക്ക് വേരിഫിക്കേഷന്‍ പ്രകാരമാണ് 49,26,864 രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് മുന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജമാലൂദ്ദീന്‍, മുന്‍ സൂപ്രണ്ടിങ് എന്‍ജിനിയറും, മലമ്പുഴ റിനോവേഷന്‍ വര്‍ക്ക് സ്‌പെഷ്യല്‍ ഓഫിസറും, നിലവില്‍ ജലസേചന വിഭാഗം ചീഫ് എന്‍ജിനിയറുമായ മഹാനുദേവന്‍, കെ.പി.പി ഇന്‍ഫ്രാ പ്രൊജക്ട് ലിമിറ്റഡ് ഈറോഡ് ചെയര്‍മാന്‍ അരുള്‍ സുന്ദരം, ബസ് സ്റ്റാന്‍ഡ് കോണ്‍ട്രാക്റ്റര്‍ പി. ഫിലിപ്പോസ് എന്നിവര്‍ക്കെതിരേ കേസെടുത്തു.
മലമ്പുഴയില്‍ ഇതിനു മുമ്പും അഴിമതികള്‍ നടന്നിട്ടുണ്ട്. ഒരു കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് 2014ല്‍ ജലസേചന വകുപ്പിലെ ചീഫ് എന്‍ജിനിയര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് വകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും ഭരണ വിഭാഗം എന്‍ജിനിയര്‍ക്കും സമര്‍പ്പിച്ചിരുന്നു. ആരോപണവിധേയരായ ജീവനക്കാര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കാതെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി.
അഴിമതി കേസില്‍ ഉള്‍പ്പെട്ട ചീഫ് എന്‍ജിനിയര്‍ മഹാനുദേവന്‍ സര്‍വീസില്‍ കയറുന്നതിന് ജാതി തിരുത്തിയതിനും അഴിമതി നടത്തിയതിനും സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് മലപ്പുറത്ത് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് ശുപാര്‍ശയെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. ജാതി തിരുത്തിയ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ഉദ്യാനനവീകരണവുമായി ബന്ധപ്പെട്ട് ചെടികള്‍ വാങ്ങിയതും പരിപാലിച്ചതുമായ ഇനത്തിലാണ് 49,26,864 രൂപയുടെ അഴിമതി. 2014ലെ പ്രോജക്ട് ചീഫ് എന്‍ജിനിയറുടെ റിപ്പോര്‍ട്ടില്‍ വ്യാജബില്ലുകള്‍ ഉപയോഗിച്ച് പണം തട്ടിയതിന്റെ രേഖകളുണ്ട്. 2014ലെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മലമ്പുഴയിലെ എക്‌സി.എന്‍ജിനിയര്‍ കെ.എന്‍. ശിവദാസന്‍ ഗുരുതരമായ ക്രമക്കേട് നടത്തിയതിന്റെ പേരില്‍ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുകയാണ്.
ഉദ്യാന നവീകരണവുമായി ബന്ധപ്പെട്ട് 17 പദ്ധതികളാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവില്‍ ഒരു പദ്ധതിമാത്രമാണ് പൂര്‍ത്തിയായത്. ഇതിലാണ് 49,26,864 രൂപയുടെ അഴിമതി. ആന്റി കറപ്ഷന്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എം. ചെന്താമരന്‍ നല്‍കിയ പരാതിയിന്മേലാണ് വിജിലന്‍സ് കേസ്. ബാക്കിയുള്ള 16 പദ്ധതികള്‍ സംബന്ധിച്ചും അന്വേഷണം നടത്തണമെന്ന് സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ കെ.എം. ഗംഗാധരന്‍, ഉണ്ണികൃഷ്ണന്‍ രാധാകൃഷ്ണന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."