നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റും കാമറയും പ്രഖ്യാപനത്തിലൊതുങ്ങി
നീലേശ്വരം: നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റും ദേശീയപാതയില്‍ കാമറയും സ്ഥാപിക്കുമെന്ന നഗരസഭയുടെ പ്രഖ്യാപനം നടപ്പായില്ല. ഇവയ്ക്കായി കഴിഞ്ഞ ബജറ്റില്‍ തുകയും നീക്കിവച്ചിരുന്നു. സിംഗിള്‍ പോസ്റ്റ് ട്രാഫിക് സിഗ്നല്‍ ലൈറ്റ് സംവിധാനം സ്ഥാപിക്കുന്നതിന് ഏഴു ലക്ഷം രൂപയാണു നീക്കിവച്ചിരുന്നത്. കാമറ സ്ഥാപിക്കുന്നതിന് ഒരു ലക്ഷം രൂപയും വകയിരുത്തിയിരുന്നു. എന്നാല്‍ ഈ പ്രവര്‍ത്തികള്‍ക്കാവശ്യമായ പ്രാരംഭ നടപടികള്‍ പോലും ഇതുവരെയായും സ്വീകരിച്ചിട്ടില്ല. മാര്‍ക്കറ്റില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്നതു വര്‍ഷങ്ങളായുള്ള ആവശ്യമാണ്. പലപ്പോഴും നിയന്ത്രണമില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്നത് ഇവിടെ അപകടങ്ങള്‍ക്കു കാരണമാകാറുണ്ട്.
തുടര്‍ച്ചയായി വാഹനങ്ങള്‍ കടന്നുപോകുന്നതു മൂലം റോഡ് മുറിച്ചുകടക്കാന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരും വിഷമിക്കുന്നു. ഇവിടെയുള്ള ഹോംഗാര്‍ഡാണ് പലപ്പോഴും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. കാമറ സ്ഥാപിക്കണമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ട്. പലപ്പോഴും രാത്രികാലങ്ങളില്‍ ടാക്സി സ്റ്റാന്‍ഡിലും മത്സ്യമാര്‍ക്കറ്റിലും മോഷണം പതിവാണ്. കൂടാതെ ദേശീയപാതയോരത്ത് ഇരുട്ടിന്റെ മറവില്‍ മാലിന്യം തള്ളുന്നതും പതിവാണ്. കാമറ സ്ഥാപിച്ചാല്‍ കുറ്റക്കാരെ കണ്ടെത്താന്‍ കഴിയും. എന്നാല്‍ ഇവയെല്ലാം പ്രഖ്യാപനത്തിലൊതുങ്ങിയതല്ലാതെ നടപ്പായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."