തലപ്പാടിയിലെ ബാറുടമക്ക് അധോലോക ഭീഷണി
കുമ്പള: കുമ്പള മുട്ടം സ്വദേശിയും തലപ്പാടിയിലെ ബാര്‍ ഉടമയുമായ വ്യക്തിക്ക് അധോലോക ഭീഷണി. കോടികള്‍ ആവശ്യപ്പെട്ട് ബാങ്കോക്കില്‍ നിന്ന് ഫോണില്‍ വിളിച്ചും കഴിഞ്ഞ ദിവസം നാലംഗ സംഘം വീട്ടിലെത്തിയുമാണ് ഭീഷണിപ്പെടുത്തിയതെന്നാണു പരാതി. സംഭവത്തില്‍ കുമ്പള പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കുമ്പള മുട്ടത്തെ ശ്രീധര ഷെട്ടി (67)ക്കു നേരെയാണ് അധോലോക ഭീഷണിയുണ്ടായത്. ഒരു മാസത്തോളമായി ബാങ്കോക്കില്‍ നിന്നാണെന്നു പറഞ്ഞ് അധോലോക സംഘത്തില്‍പെട്ട ഒരാള്‍ ശ്രീധര ഷെട്ടിയെ ഫോണില്‍ വിളിച്ച് കോടികള്‍ ആവശ്യപ്പെട്ടുവന്നിരുന്നു. എന്നാല്‍ പണം നല്‍കാന്‍ ബാര്‍ ഉടമ തയാറായിരുന്നില്ല.
ഇതേതുടര്‍ന്ന് കഴിഞ്ഞ മൂന്നിന് സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘം മുട്ടത്തെ വീട്ടില്‍ അതിക്രമിച്ചു കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതോടെയാണ് ബാര്‍ ഉടമ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കും കുമ്പള പൊലിസിലും പരാതി നല്‍കിയത്. കാറിലെത്തിയ സംഘം കന്നഡയിലാണ് സംസാരിച്ചതെന്നു ശ്രീധരഷെട്ടി മൊഴിനല്‍കി.
ഭീഷണി സംബന്ധിച്ച് ശ്രീധര ഷെട്ടി മംഗളൂരു പൊലിസിലും പരാതി നല്‍കിയിട്ടുണ്ട്. കുമ്പള സി.ഐ വി.വി മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
തലപ്പാടിയിലെ ബാര്‍ കൂടാതെ മംഗളൂരുവില്‍ ഫൈനാന്‍സ് സ്ഥാപനങ്ങളും മറ്റു ബിസിനസ് സംരഭങ്ങളുമുള്ള ശ്രീധര ഷെട്ടിയില്‍ നിന്നു കോടികള്‍ തട്ടിയെടുക്കാനുള്ള ശ്രമമാണ് ഭീഷണിക്കു പിന്നിലെന്ന് കരുതുന്നതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."