നഗരസഭാ കൗണ്‍സിലില്‍ തീരുമാനം: കൈയേറ്റങ്ങള്‍ക്കെതിരേ കര്‍ശനനടപടിയുമായി പെരിന്തല്‍മണ്ണ
പെരിന്തല്‍മണ്ണ: നഗരസഭാ പരിധിയില്‍പ്പെട്ട വിവിധയിടങ്ങളില്‍ ജലാശയങ്ങള്‍ കൈയേറിയുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ക്കെതിരേ കര്‍ശന നടപടിയുമായി പെരിന്തല്‍മണ്ണ നഗരസഭ. കൈയേറ്റങ്ങള്‍ അന്വേഷിച്ച് 30നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നഗരസഭാ സെക്രട്ടറി കെ. പ്രമോദിന്റെ നേതൃത്വത്തില്‍ ആറംഗ സംഘത്തെ നിയോഗിച്ചു.
ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മാനത്തുമംഗലം ബൈപാസിനോട് ചേര്‍ന്നുള്ള പൊന്ന്യാകുര്‍ശ്ശി തോട് കൈയേറ്റത്തെ തുടര്‍ന്ന് നഗരസഭക്കെതിരേയുണ്ടായ പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്നാണ് മേഖലയില്‍ വ്യാപകമായി നടന്നുവെന്ന് ആരോപിക്കുന്ന കൈയേറ്റങ്ങളും അന്വേഷിക്കാന്‍ നടപടിയായത്.
പൊന്ന്യാകുര്‍ശ്ശിയില്‍ തോടിലേക്കിറക്കി അരികുകള്‍ മണ്ണിട്ട് നികത്തിയെടുത്ത് സ്വകാര്യവ്യക്തി നടത്തുന്ന കൈയേറ്റങ്ങള്‍ക്കെതിരെ അധികൃതര്‍ നിസ്സംഗത തുടരുന്നത് കഴിഞ്ഞദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതുസംബന്ധിച്ച് വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ബാപ്പു കൗണ്‍സില്‍ യോഗത്തില്‍ പരാതി ഉന്നയിച്ചപ്പോള്‍ ഇതുമാത്രമല്ല നഗരസഭാ പ്രദേശത്തെ മുഴുവന്‍ കൈയേറ്റവും അന്വേഷിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നഗരസഭാധ്യക്ഷന്‍ അനുമതി നല്‍കിയത്.
സെക്രട്ടറിയെ കൂടാതെ സ്ഥിരസമിതി അംഗങ്ങളായ കെ.സി മൊയ്തീന്‍കുട്ടി, കിഴിശ്ശേരി മുഹമ്മദ് മുസ്തഫ, രതി അല്ലിക്കാട്ടില്‍, പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്‍, വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ബാപ്പു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നിയോഗിച്ച ആറംഗ സംഘത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."