ഹരിത മാര്‍ഗരേഖ പാലിച്ച് ഇഫ്താറുകള്‍ നടത്താന്‍ തീരുമാനം
മലപ്പുറം: റമദാന്‍ നോമ്പ് തുറ ചടങ്ങുകള്‍ ഹരിതമാര്‍ഗരേഖ പാലിച്ച് നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മതസംഘടന നേതാക്കളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ക്ഷേത്രങ്ങളിലും ചര്‍ച്ചുകളിലും നടക്കുന്ന പരിപാടികളും പൂര്‍ണമായും ഹരിത മാര്‍ഗരേഖ പാലിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. നോമ്പ് തുറകള്‍ക്ക് ഡിസ്‌പോസിബ്ള്‍ ഗ്ലാസുകളും പ്ലേറ്റുകളും പൂര്‍ണമായും ഒഴിവാക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.
സംഘടനകള്‍ പ്രത്യേക ബോധവല്‍ക്കരണം നടത്താനും വെള്ളിയാഴ്ച പള്ളിയില്‍ അറിയിപ്പ് നല്‍കാനും തീരുമാനമായി. പൂര്‍ണമായും ഹരിത നിയമാവലി പാലിക്കുന്ന മഹല്ലുകള്‍ക്ക് സമ്മാനം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. ഹരിത മാര്‍ഗരേഖ പാലിക്കുന്ന ക്ഷേത്രങ്ങള്‍ക്കും ചര്‍ച്ചുകള്‍ക്കും മഹല്ലുകള്‍ക്കും പ്രശംസപത്രവും സമ്മാനവും നല്‍കും.
ഹരിത മാര്‍ഗരേഖ പാലിച്ച് നടപ്പാക്കുന്ന കല്ല്യാണങ്ങള്‍ക്ക് ജില്ലാ കലക്ടറുടെ പ്രശംസപത്രവും പ്രത്യേക പ്രോത്സാഹനവും നല്‍കും.
കഴിഞ്ഞ വര്‍ഷം റമദാനിലെ ആദ്യ വെള്ളിയാഴ്ച ജില്ലാ കലക്ടര്‍ പള്ളിയില്‍ നേരിട്ടെത്തി ബോധവല്‍ക്കരണം നടത്തുകയും ഫലം കാണുകയും ചെയ്തിരുന്നു. ചായയും പലഹാരങ്ങളും ഡിസ്‌പോസിബ്ള്‍ പാത്രങ്ങളില്‍ നല്‍കുന്നവര്‍ക്കെതിരേ തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ശന നടപടിയെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സെക്രട്ടറി പ്രീതി മേനോന്‍, ഹരിതകേരളം ജില്ലാ കോഡിനേറ്റര്‍ പി. രാജു, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഒ. ജ്യോതിഷ്, സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."