ദേശീയപാതയില്‍ ദിശാസൂചികകളില്ലാത്തത് ദീര്‍ഘദൂര യാത്രക്കാരെ വട്ടംചുറ്റിക്കുന്നു
പാലക്കാട്: ഹൈവേകളിലും പ്രധാന റോഡുകളിലും ജംങ്ഷനുകളിലും വേണ്ടത്ര ദിശാസൂചികകളില്ലാത്തത് ദീര്‍ഘദൂര വാഹന ഡ്രൈവര്‍മാരെയും യാത്രക്കാരെയും വട്ടംചുറ്റിക്കുന്നു.
നിര്‍മ്മാണം പൂര്‍ത്തിയായ വാളയാര്‍ വടക്കഞ്ചേരി നാലുവരി പാതയിലടക്കം ജില്ലയിലെ പ്രധാന റോഡുകളിലും ജംങ്ഷനുകളിലും മതിയായ ട്രാഫിക് സിഗ്‌നലുകളോ ദിശാസൂചികകളോ ഇല്ലെന്ന പരാതി ശക്തമാകുകയാണ്.
ജില്ലാ ആസ്ഥാനമായ പാലക്കാട് ടൗണിലെ തിരക്കൊഴിവാക്കാന്‍ ബൈപ്പാസുകളും പ്രധാന റോഡുകളെ ബന്ധിപ്പിച്ച് പുതിയ പാതകളും ഉണ്ടെങ്കിലും ഇവ കൃത്യമായി ഉപയോഗിക്കാത്തതും ദിശാസൂചികകള്‍ പുതുക്കി സ്ഥാപിക്കാത്തതും മൂലം പല ദീര്‍ഘദൂര വാഹനങ്ങളും തിരക്കേറിയ നഗരത്തില്‍ ചുറ്റിത്തിരിഞ്ഞ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതില്‍ പ്രധാന കാരണമാകുന്നുണ്ട്.
കോയമ്പത്തൂര്‍ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട പല ചരക്കുവാഹനങ്ങളും ചന്ദ്രനഗറില്‍ നിന്നും ശേഖരീപുരം ബൈപ്പാസില്‍ കയറാതെ നഗരത്തിലെത്തുന്നത് പതിവുകാഴ്ചയാണ്.
രാത്രിയില്‍ വലിയ ചരക്കുലോറികള്‍ സുല്‍ത്താന്‍പേട്ട് വഴിയെത്തി കുരുക്കില്‍പെടുന്നത് പതിവാണ്.
മഴയായതോടെ തെരുവ് വിളക്കുകളുടെ അഭാവവും ജംഗ്ഷനുകളില്‍ സിഗ്‌നല്‍ ലൈറ്റുകളുടെ അഭാവവും മരച്ചില്ലകളും പരസ്യബോര്‍ഡുകളം കാരണം ദിശാബോര്‍ഡുകള്‍ മറഞ്ഞിരിക്കുന്നതും കാരണം വാഹനങ്ങള്‍ വഴി തെറ്റി സഞ്ചരിക്കുന്നത് സഞ്ചരിക്കുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്.
ടൗണിലെ വണ്‍വേകളും ഗതാഗത ക്രമവും സംബന്ധിച്ച കൃത്യമായ സൂചികകളില്ലാത്തതും വാഹനങ്ങളെ ഗതാഗതക്കുരുക്കിലാക്കുന്നു. കെ.എസ്.ആര്‍.ടി.സി പരിസരത്ത് വലിയ വാഹനങ്ങള്‍ക്ക് വണ്‍വേ സമ്പ്രദായം നടപ്പാക്കിയിട്ടുണ്ടെങ്കിലും വൈകിട്ട് ഏഴിന് ശേഷം മിക്ക ബസുകളും ഇത് തെറ്റിച്ച് യാത്ര ചെയ്യുന്നത് കുരുക്ക് രൂക്ഷമാക്കുന്നുണ്ട്.
ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, വാളയാര്‍, വടക്കഞ്ചേരി റോഡുകളില്‍ നിന്നെല്ലാം നഗരകേന്ദ്രത്തില്‍ പ്രവേശിക്കാതെ മറ്റ് പ്രധാന പാതകളിലേക്ക് കടക്കാമെന്നിരിക്കേ പല വാഹന ഡ്രൈവര്‍മാരും ടൗണിലൂടെയാണ് വാഹനവുമായി പോകുന്നത്.
ഇത് ടൗണിലെ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. മിക്ക റോഡരികുകകളിലും പൊന്തക്കാട് വളര്‍ന്നും മരച്ചില്ലകള്‍ റോഡിലേക്ക് ചാഞ്ഞുകിടന്നും ട്രാഫിക് സിഗ്‌നലുകളും ബോര്‍ഡുകളും മറഞ്ഞുകിടക്കുകയാണ്.
മാത്രമല്ല, വളവുകളിലും മറ്റും ഇത്തരത്തില്‍ മരച്ചില്ലകള്‍ റോഡിലേക്ക് ചെരിഞ്ഞതും പരസ്യബോര്‍ഡുകളും കാരണം എതിര്‍ദിശയിലെ വാഹനങ്ങള്‍ കാണാനാകാതെ അപകടങ്ങള്‍ സംഭവിക്കുന്നതും മഴക്കാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."