നുമ്മ ഊണ്: ഇന്നു മുതല്‍ ജില്ലയില്‍ എല്ലായിടത്തും
കൊച്ചി: വിശന്നു പൊരിയുന്ന ഒരു വയറു പോലും ഉണ്ടാകരുതെന്ന ലക്ഷ്യവുമായി ജില്ലാ ഭരണം നടപ്പാക്കിയ നുമ്മ ഊണ്പദ്ധതി ജില്ലയില്‍ എല്ലായിടത്തേയ്ക്കും വ്യാപിപ്പിക്കുന്നു. ഇതിന്റെ ആദ്യപടിയായി നിലവിലുള്ള രണ്ടു വിതരണ കേന്ദ്രങ്ങളില്‍ ഉള്‍പ്പടെ 13 കേന്ദ്രങ്ങളില്‍ നിന്ന് ഇന്ന് മുതല്‍ കൂപ്പണ്‍ വിതരണം ആരംഭിക്കും. കൂപ്പണ്‍ വിതരണ കേന്ദ്രങ്ങളുടെ എണ്ണം അടുത്ത രണ്ട് മാസത്തിനുള്ളില്‍ 20 ആക്കി ഉയര്‍ത്തും.
തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതിക്കുള്ള ഭക്ഷണകൂപ്പണുകള്‍ നിലവില്‍ ജില്ലാ കലക്ടറേറ്റിലും എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്നുമാണ് ലഭിക്കുന്നത്. ജില്ലയില്‍ വിവിധയിടങ്ങളിലായി 11 കേന്ദ്രങ്ങളില്‍ നിന്നുകൂടി കൂപ്പണുകള്‍ വിതരണം ചെയ്യും. ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുള്ള മുന്‍കയ്യെടുത്ത് ആവിഷ്കരിച്ച പദ്ധതിക്ക് പെട്രോനെറ്റ് എല്‍.എന്‍.ജി ഫൗണ്ടേഷനും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ എറണാകുളം ജില്ലാകമ്മിറ്റിയുമാണ് പിന്തുണ നല്‍കുന്നത്.
കൊച്ചി താലൂക്ക് ഓഫിസ്, വൈപ്പിന്‍ മാലിപ്പുറം സാമൂഹ്യാരോഗ്യകേന്ദ്രം, കുന്നത്തുനാട് താലൂക്ക് ഓഫീസ്, പറവൂര്‍ താലൂക്ക് ഓഫീസ്, ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്റ്, എറണാകുളം കെ എസ് ആര്‍ടിസി സ്റ്റാന്റ് (പോലീസ് എയ്ഡ്പോസറ്റ്), മൂവാറ്റുപുഴ പോലീസ് എയ്ഡ്പോസ്റ്റ്(കച്ചേരിത്താഴം), കോതമംഗലം സ്വകാര്യബസ് സ്റ്റാന്റ്, എറണാകുളം നോര്‍ത്ത് റയില്‍വെ സ്റ്റേഷന്, അങ്കമാലി റെയില്‍വെ സ്റ്റേഷന്, വൈറ്റില ഹബ് എന്നിവിടങ്ങളില്‍ നിന്നും കൂപ്പണുകള്‍ ലഭിക്കും.
കൗണ്ടറുകളില്‍ നിന്നും ലഭിക്കുന്ന കൂപ്പണുകള്‍ നല്കിയാല് തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്ന് സൗജന്യമായി മികച്ച നിലവാരത്തിലുള്ള ഭക്ഷണം ലഭിക്കും. ഓരോ കൗണ്ടറിനു സമീപത്തുമുള്ള രണ്ടോ അതിലധികമോ ഹോട്ടലുകള്‍ ഇതിനായി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി താലൂക്ക് ഓഫീസിനു സമീപം റഹ്മത്തുള്ള കഫേ (കായീസ്), സംസം ഹോട്ടല്‍, വൈപീന്‍ മാലിപ്പുറം ടോപ് ഹോം, ആല്വിന് ഹോട്ടലുകള്‍, കുന്നത്തുനാട് ഓംകൃഷ്ണ, ട്രീറ്റ് ഹൗസ്, പറവൂര്‍ ഹോട്ടല്‍ ഉഡുപ്പി, ഷിനോയീസ് ലഞ്ച് ഹോം, ആലുവ ഹോട്ടല്‍ സാഗര്‍, ഹോട്ടല്‍ താഹൂര്, എറണാകുളം കെ.എസ്.ആര്.ടി.സി സ്റ്റാന്റിനു സമീപമുള്ള അമ്പാടി, ഡീലക്സ് ഹോട്ടലുകള്‍, മൂവാറ്റുപുഴ സിറ്റി ഹോട്ടല്‍, നാനോ ഹോട്ടല്‍, കോതമംഗലം മേളം, ശ്രീകൃഷ്ണ, കാക്കനാട് കളക്ടറേറ്റ് കാന്റീന്, അളകാപുരി, എറണാകുളം സൗത്തിലെ ഹോട്ടല്‍ മുഗള്‍, ആര്യാസ്, ആര്യഭവന്, എറണാകുളം നോര്‍ത്തിലെ രാം നിവാസ,് ബ്ളു സ്റ്റാര്‍, അങ്കമാലിയിലെ നെല്‍വയല്‍, ഈഡന് പാര്‍ക്ക്, വൈറ്റില ഹബിലെ മുരുക, നാലുകെട്ട് എന്നീ ഹോട്ടലുകളാണ് പദ്ധതിയിലുള്‍പ്പെടുത്തിയത്.
പെട്രോനെറ്റ് എല്‍.എന്‍.ജി ഫൗണ്ടേഷന് പ്രിന്റ് ചെയ്ത് കലക്ടറേറ്റില്‍ നല്കുന്ന ഭക്ഷണകൂപ്പണുകള്‍ വിവിധ കേന്ദ്രങ്ങളിലെത്തിക്കും. ഇവിടെ നിന്ന് രാവിലെ 11.30 മുതല്‍ 2 വരെ ആളുകള്‍ക്ക് ഭക്ഷണകൂപ്പണുകള്‍ സ്വീകരിച്ച് തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്ന് നിന്ന് വിശപ്പകറ്റാം. 12 മുതല്‍ 2.30 വരെയാണ് ഹോട്ടലുകളില്‍ ഭക്ഷണം നല്‍കുക. ഉപയോഗിച്ച കൂപ്പണുകള്‍ കണക്കാക്കി കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് നല്കുന്ന കണക്കനുസരിച്ച് എല്‍.എന്‍.ജി പെട്രോനെറ്റ് ഫൗണ്ടേഷന്റെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ടില്‍ (സി.എസ്.ആര്) നിന്ന് തുക കൈമാറും. ഭക്ഷണകൂപ്പണുകള്‍ വിവിധ കേന്ദ്രങ്ങളിലെത്തിക്കാനും ഉപയോഗിച്ചവയെ വിവിധ ഹോട്ടലുകളില്‍ നിന്ന് ശേഖരിക്കാനും സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കും. ഭാരത് മാതാ കോളേജിലെ വിദ്യാര്‍ഥികള്‍ ഇതിനായി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
റിപ്പബ്ലിക്ക് ദിനത്തില്‍ വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് തുടക്കം കുറിച്ചതാണ് നുമ്മ ഊണ് പദ്ധതി. ഫെബ്രുവരി ഒന്നു മുതലാണ് കാക്കനാട് കളക്ടറേറ്റിലും എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലും നുമ്മ ഊണിന്റെ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."