കടല്‍ക്ഷോഭത്താല്‍ സീവാള്‍ റോഡ് തകര്‍ന്നു; പൊക്കാഞ്ചേരി നടപ്പാലം അപകടാവസ്ഥയില്‍
വാടാനപ്പള്ളി: പൊക്കാഞ്ചേരി നടപ്പാലം അപകടാവസ്ഥയില്‍. പൊക്കാഞ്ചേരിയില്‍ കടല്‍ ക്ഷോഭത്തില്‍ സീവാള്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് നടപ്പാലം അപകാടാവസ്ഥയില്‍. പാലത്തിന്റെ രണ്ടു ഭാഗങ്ങളിലെയും കരിങ്കല്‍ ഭിത്തികള്‍ അടര്‍ന്ന് മണ്ണുകള്‍ പുഴയിലേക്ക് ഒഴുകി വലിയ കുഴികള്‍ രൂപപ്പെട്ട് പാലത്തിലേക്ക് കയ്യേറുന്ന ഭാഗത്തെ സ്ലാബ് വീഴാറായ അവസ്ഥയിലാണ്.
കൂടാതെ പാലത്തിന്റെ കൈവരികളിലെ കോണ്ക്രീറ്റുകള് അടര്‍ന്ന് കമ്പികള്‍ പുറത്തുവന്ന അവസ്ഥയിലുമാണ് പാലം. പതിനാറു വര്‍ഷം മാത്രമാണ് ഈ പാലത്തിന്റെ പഴക്കം.
പാലം നിര്‍മാണത്തിലെ അശാസ്ത്രീയതയും, ക്രമക്കേടുമാണ് പാലത്തിന് ഇത്രയും വേഗം കേടുപാടുകള്‍ സംഭവിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. 1999 - 2000 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ എഫ്.ആര്.ഡബ്ല്യു ഫണ്ടില്‍ നിന്ന് നാലു ലക്ഷം രൂപയും, അന്നത്തെ എം.പിയായിരുന്ന വി.വി രാഘവന്റെ എം.പി.എല്‍.എ.ഡി പദ്ധതിയിലെ ആറു ലക്ഷം രൂപയും ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ചിലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച നടപ്പാലം 2000 ഡിസംബര്‍ പതിനൊന്നിനു അന്നത്തെ കൃഷി മന്ത്രിയായിരുന്ന കൃഷ്ണന് കണിയാംപറമ്പിലാണ് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തത്. അപകടാവസ്ഥയിലായ ഈ നടപ്പാലം കൂടി തകര്‍ന്നു കഴിഞ്ഞാല്‍ പൊക്കാഞ്ചേരി ബീച്ചിലെ നിരവധി കുടുംബങ്ങള്‍ക്ക് ഇത് ഏറെ പ്രതിസന്ധി സൃഷ്ടിക്കും. എത്രയും വേഗം പാലം പുനര്‍നിര്‍മിക്കുകയോ, കേടുപാടുകള്‍ തീര്‍ക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."