പത്താഴകുണ്ട് ഡാം നവീകരണം ഇഴയുന്നു: അടുത്ത വേനലിലും വെള്ളം കിട്ടാക്കനിയാകും
വടക്കാഞ്ചേരി: തെക്കുംകര ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പത്താഴകുണ്ട് ഡാമിന്റെ ചോര്‍ച്ചയടച്ച് നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു. അടിത്തട്ട് കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ട് വര്‍ഷം ഒന്ന് പിന്നിട്ടിട്ടും പണി എവിടെയുമെത്തിയിട്ടില്ല. നിലവിലെ കരിങ്കല്‍ പാളികള്‍ അടര്‍ത്തി മാറ്റി പുതിയത് വിരിക്കുന്ന പ്രവര്‍ത്തനം മാത്രമാണ് ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുള്ളത്.
കനാലിന്റെ പ്രവര്‍ത്തനങ്ങളും അന്തിമ ഘട്ടത്തിലാണ്. പൂര്‍ണമായും മണ്ണ് കൊണ്ട് നിര്‍മിച്ചിട്ടുള്ള ഡാം 1978 ലാണ് കമ്മിഷന്‍ ചെയ്തത്. കൃഷി ആവശ്യത്തിന് വെള്ളം സംഭരിക്കുക എന്നതായിരുന്നു ലക്ഷ്യം. 3075 മീറ്റര്‍ നീളത്തില്‍ ഇടതു കര കനാലും, 1456 മീറ്റര്‍ നീളത്തില്‍ വലത് കര കനാലും ഡാമിനുണ്ട്. ഡാമിന്റെ ആയക്കെട്ട് പൂര്‍ണമായും മുണ്ടത്തിക്കോട് പഞ്ചായത്തിലാണ്.
അതു കൊണ്ടു തന്നെ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജിലെ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ കഴിയുന്നതാണ് പദ്ധതിയെന്ന വിലയിരുത്തലും അധികൃതര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ കമ്മിഷന്‍ ചെയ്തതിന് പിന്നാലെ അനുഭവപ്പെട്ട് തുടങ്ങിയ ചോര്‍ച്ച എല്ലാ പദ്ധതികളും പാളം തെറ്റിച്ചു.
മുന്‍ സഹകരണ വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ മുന്‍കൈ എടുത്താണ് ഇപ്പോള്‍ രണ്ട് കോടി എട്ട് ലക്ഷത്തി അന്‍പതിനായിരം രൂപ ചിലവഴിച്ച് നവീകരണ പ്രവര്‍ത്തനം നടക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ വര്‍ഷം എപ്രില്‍ 13ന് അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫാണ് നിര്‍വഹിച്ചത്. മൂന്ന് മാസം കൊണ്ട് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് തീരുമാനമെടുത്തിരുന്നതെങ്കിലും ശക്തമായ വേനല്‍ മഴയും കാലവര്‍ഷം നേരത്തെ എത്തുന്നതും തിരിച്ചടിയാകുമെന്ന ആശങ്ക അന്ന് തന്നെ ഉയര്‍ന്നിരുന്നു. അതിനിടെ അറ്റകുറ്റപണികള്‍ക്കായി കരാറുകാരന്‍ ഊരിയെടുത്ത ഷട്ടറുകള്‍ പണി പൂര്‍ത്തീകരിച്ചു. ഇത് അടുത്ത ആഴ്ചയോടെ സ്ഥാപിക്കും.
എന്നാല്‍ ബാരല്‍ കൂടി അറ്റകുറ്റപണികള്‍ നടത്തിയാല്‍ മാത്രമേ വെള്ളം സംഭരിച്ച് നിര്‍ത്താനാകൂ എന്ന് അധികൃതര്‍ അറിയിച്ചു. ഇതിന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഒരു കോടി 12 ലക്ഷം രൂപ അനുവദിച്ചിരുന്നു.
എന്നാല്‍ ഇതിന് ഭരണാനുമതി ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. തുക അനുവദിച്ച് കിട്ടാതെ പണി മുന്നോട്ട് കൊണ്ടു പോകാനാകാത്ത സ്ഥിതി വിശേഷവും നിലനില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."