വ്യാവസായിക കെട്ടിടനിര്‍മാണ പ്ലാനിന് ഇന്റലിജന്റ്‌സ് സോഫ്റ്റ്‌വെയര്‍ പദ്ധതി
തിരുവനന്തപുരം: വ്യാവസായിക കെട്ടിടനിര്‍മാണ പ്ലാന്‍ അംഗീകരിക്കുന്നതിനും അനുമതിപത്രം വേഗത്തില്‍ ലഭ്യമാക്കുന്നതിനുമായി ഇന്റലിജന്റ്‌സ് സോഫ്റ്റ്‌വെയര്‍ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍ നിയമസഭയെ അറിയിച്ചു.
ഏകജാലക സംവിധാനത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യും. ഇതിനായി ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കാനുള്ള നടപടി പുരോഗമിക്കുന്നു.
കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന്‍(ഡി.ഐ.പി.പി)ന്റെ റാങ്കിങിന് അനുസൃതമായി കേരളത്തില്‍ വാണിജ്യവ്യവസായ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിനായി കെ.എസ്.ഐ.ഡി.സിയെ നോഡല്‍ ഏജന്‍സിയായി സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
കൊച്ചി, പാലക്കാട് മേഖലയെ ബാംഗളൂരു വഴി ബന്ധിപ്പിക്കുന്നതിനുള്ള വ്യാവസായിക ഇടനാഴിയുടെ പ്രാഥമിക രൂപരേഖ തയാറാക്കുന്നതിനായി വിദഗ്ധ ഉപദേശക ഏജന്‍സിയെ നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ ധാതുമണല്‍ ശേഖരം പൊതുമേഖലയില്‍ ഖനനം ചെയ്ത് പൊതുമേഖലാ വ്യാവസായിക വളര്‍ച്ചയ്ക്ക് ഉപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വ്യവസായ സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിനായി ഒരു പുതിയ പദ്ധതി ഈ വര്‍ഷം നടപ്പാക്കും. കേരളത്തിലെ 41 പൊതുമേഖലാസ്ഥാപനങ്ങളില്‍11 എണ്ണമാണ് ലാഭകരമായി പ്രവര്‍ത്തിക്കുന്നത്. പൊതുമേഖലാസ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനുള്ള ശ്രമങ്ങള്‍ക്ക് ബജറ്റില്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ കൈയൊഴിയുന്ന അവസ്ഥായാണുള്ളത്. അവ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തു നല്‍കിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. വിദേശത്തു നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഭൂമി, ബാങ്ക് വായ്പ, തുടങ്ങിയ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കും.
കൈത്തറി വ്യവസായ മേഖലയിലെ അഭിവൃദ്ധിക്ക് വേണ്ടി നടപ്പാക്കിയ സ്‌കൂള്‍ യൂനിഫോം പദ്ധതിയിലൂടെ അടുത്തവര്‍ഷം മുതല്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സൗജന്യയൂനിഫോം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."