ഫലസ്തീന്‍ പ്രക്ഷോഭത്തിനുനേരെ വീണ്ടും ഇസ്‌റാഈല്‍ വെടിവയ്പ്
ഗസ്സ: ഫലസ്തീന്‍ അതിര്‍ത്തിയില്‍ ഏഴാഴ്ച പ്രക്ഷോഭത്തിനുനേരെ വീണ്ടും ഇസ്‌റാഈല്‍ വെടിവയ്പ്. ഇന്നലെ അതിര്‍ത്തിയില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് ഫലസ്തീനികള്‍ക്കുനേരെ ഇസ്‌റാഈല്‍ സൈന്യം വെടിവയ്പും കണ്ണീര്‍വാതക പ്രയോഗവും നടത്തി. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതോടെ മാര്‍ച്ച് 30ന് ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 48 ആയെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
40കാരനായ ജാബിര്‍ സലീം അബൂ മുസ്തഫയാണ് അതിര്‍ത്തിയില്‍ ഖാന്‍ യൂനുസിന്റെ കിഴക്കു ഭാഗത്ത് ഇസ്‌റാഈല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. നെഞ്ചിനു വെടിയേറ്റാണു മരണം. 167 പേര്‍ക്കു പരുക്കേറ്റതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവരില്‍ മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടും.
ആഴ്ചകള്‍ക്കു മുന്‍പ് ഇസ്‌റാഈല്‍ വെടിവയ്പില്‍ മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭത്തിനു നേരെയുള്ള ഇസ്‌റാഈല്‍ ആക്രമണം കാമറയില്‍ പകര്‍ത്തുന്നതിനിടെയായിരുന്നു ഇത്.
അതിനിടെ, അടുത്ത ചൊവ്വാഴ്ച ഏഴാഴ്ച പ്രക്ഷോഭത്തിനു സമാപനം കുറിച്ചു നടക്കുന്ന നക്ബദിനാചരണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. 1948ലെ ഇസ്‌റാഈല്‍ അധിനിവേശത്തിന്റെ വാര്‍ഷികമായാണ് ഹമാസ് അടക്കമുള്ള വിവിധ ഫലസ്തീന്‍ സംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."