ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ വാദങ്ങള്‍ ഖണ്ഡിച്ച് പിണറായി
കൊച്ചി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ഹാജരാകും.
ഇതിനായി മാര്‍ച്ച് 17ലേയ്ക്ക് ഹരജി മാറ്റി. അന്നു രാവിലെ 11.30ന് വാദം നടത്താമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ സി.ബി.ഐയുടെ വാദങ്ങളെ പിണറായി വിജയന്‍ ശക്തമായി ഖണ്ഡിച്ചു. മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം ലഭ്യമാക്കാമെന്ന എസ്.എന്‍.സി ലാവ്‌ലിന്റെ വാഗ്ദാനം കെ.എസ്.ഇ.ബിയുമായുണ്ടാക്കിയ കരാറിന്റെ ഭാഗമല്ലെന്നും സി.ബി.ഐ തനിക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ലാവ്‌ലിന്‍ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹരജിയില്‍ ഹൈക്കോടതി ഒന്‍പത് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഹരജിയിലെ കക്ഷികളോടു നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നു നല്‍കിയ വിശദീകരണത്തിലാണ് പിണറായി വിജയന്‍ ഇക്കാര്യം പറയുന്നത്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിനായി ആദ്യമുണ്ടാക്കിയ ധാരണാ പത്രത്തിലും കരാറിലും മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം നല്‍കുന്ന കാര്യം പറഞ്ഞിട്ടില്ലെന്നു വിശദീകരണത്തില്‍ പറയുന്നു. കെ.എസ്.ഇ.ബിക്ക് ലാവ്‌ലിന്‍ ഇത്തരമൊരു വാഗ്ദാനം നല്‍കിയിട്ടുമില്ല. 1996 ഒക്ടോബര്‍ 17ന് കനേഡിയന്‍ സര്‍ക്കാര്‍ ഏജന്‍സിയായ സിഡയുമായി (കനേഡിയന്‍ ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റ് അതോറിറ്റി) നടത്തിയ ചര്‍ച്ചയിലാണ് ഈ ആശയം ഉയര്‍ന്നുവന്നത്. ഇതനുസരിച്ച് സിഡയില്‍ നിന്ന് ധനസഹായം ലഭ്യമാക്കാമെന്ന് ലാവ്‌ലിനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ 1998 ഏപ്രില്‍ 25ന് ധാരണാപത്രമുണ്ടാക്കി.
ഇതിനു കെ.എസ്.ഇ.ബിയുടെ കരാറുമായി ബന്ധമില്ലെന്നും പിണറായി വിജയന്റെ വിശദീകരണ കുറിപ്പില്‍ പറയുന്നു. സിഡയില്‍ നിന്നു കിട്ടിയ ധനസഹായം ലാവ്‌ലിന്‍ മലബാര്‍ കാന്‍സര്‍ സെന്ററിനു നല്‍കിയിരുന്നു. ഇതിനുപുറമേ സെന്ററിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍ ലാവ്‌ലിന്‍ കമ്പനിയുടെ സംഭാവനയും നല്‍കി. എന്നാല്‍, മറ്റു കനേഡിയന്‍ ഏജന്‍സികളില്‍ നിന്നു ധനസഹായം ലഭ്യമാക്കുന്നതിന് തുടര്‍ന്നുള്ള സര്‍ക്കാര്‍ വീഴ്ച വരുത്തി. 1998ലെ ധാരണാ പത്രത്തിന്റെ സ്ഥാനത്ത് പുതിയ കരാറുണ്ടാക്കാന്‍ 2002 ഡിസംബര്‍ വരെ ലാവ്‌ലിന്‍ കമ്പനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും വിശദീകരണ കുറിപ്പില്‍ സൂചിപ്പിക്കുന്നു.
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
പിണറായി വിജയനു വേണ്ടി സുപ്രിം കോടതി അഭിഭാഷകന്‍ ഹാജരാകുമെന്ന് ഇന്നലെ ഹൈക്കോടതി ഹരജി പരിഗണിക്കവേ അദ്ദേഹത്തിന്റെ അഭിഭാഷകനായ എം.കെ ദാമോദരന്‍ കോടതിയെ അറിയിച്ചു. ഇതിനായി ഹരജി മാര്‍ച്ച് 17ലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി സി.ബി.ഐയ്ക്കു വേണ്ടി ഹാജരാകുന്ന അഡി. സോളിസിറ്റര്‍ ജനറല്‍ എം.കെ നടരാജിന്റെ സൗകര്യം ആരാഞ്ഞു. ഉച്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇതിനു സമ്മതമാണെന്ന് അറിയിച്ചത്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിനുള്ള കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനു നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന സി.ബി.ഐ കേസില്‍ മുന്‍ വൈദ്യുതി മന്ത്രികൂടിയായ പിണറായി വിജയന്‍ ഏഴാം പ്രതിയായിരുന്നു. എന്നാല്‍, തിരുവനന്തപുരം സി.ബി.ഐ കോടതി 2013 നവംബര്‍ അഞ്ചിന് പിണറായിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കി.
ഇതു നിയമപരമായി നിലനില്‍ക്കില്ലെന്നും കേസിലെ വസ്തുതകളും സാക്ഷിമൊഴികളും പരിശോധിക്കാതെയാണ് കോടതി ഇത്തരമൊരു തീരുമാനമെടുത്തതെന്നും ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ റിവിഷന്‍ ഹരജി നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."