ഇന്ധന വില വീണ്ടും വര്‍ധിപ്പിക്കുന്നു
മുംബൈ: പെട്രോള്‍, ഡീസല്‍ വിലവര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികളുടെ തീരുമാനം. കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് വിലവര്‍ധനവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വിലവര്‍ധിപ്പിക്കാനാണ് എണ്ണക്കമ്പനികളുടെ തീരുമാനമെന്നാണ് വിവരം. ഇന്നാണ് കര്‍ണാടക തെരഞ്ഞെടുപ്പ്. ഇതിനു പിന്നാലെ മെയ് 13ന് പെട്രോളിനും ഡീസലിനും ലിറ്ററിന് 1.5 രൂപയുടെ വര്‍ധനവ് വരുത്താനാണ് തീരുമാനം. എണ്ണ വില മൂന്ന് രൂപ കണ്ട് വര്‍ധിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് വിലവര്‍ധിപ്പിക്കാതെ കേന്ദ്ര സര്‍ക്കാര്‍ തടയുകയായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 24നാണ് അവസാനമായി എണ്ണ വില വര്‍ധിപ്പിച്ചത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നാണ് കേന്ദ്ര സര്‍ക്കാര്‍ എണ്ണ വില വര്‍ധിപ്പിക്കരുതെന്ന് എണ്ണക്കമ്പനികളോട് നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍ ഇത്തരത്തിലൊരു നിര്‍ദേശം കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിങ് പറഞ്ഞത്. ഇന്ധനവില സ്ഥിരമായി നിര്‍ത്താനാണ് തീരുമാനിച്ചിരുന്നതെന്നും ഇതിനിടയില്‍ കര്‍ണാടക തെരഞ്ഞെടുപ്പ് വന്നത് യാദൃശ്ചികമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ഇറാന്‍ ആണവ കരാറുമായി ബന്ധപ്പെട്ട് അമേരിക്ക കര്‍ക്കശ നിലപാട് സ്വീകരിച്ചതോടെ അസംസ്‌കൃത എണ്ണ വിലയില്‍ വര്‍ധനവ് ഉണ്ടാകാതെ സ്ഥിരതയില്‍ നില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 74.63 രൂപയും ഡീസലിന് 65.93 രൂപയുമായി നിലനില്‍ക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുതിച്ചുകയറുകയാണെന്നും ഇത് സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടിക്കിടയാക്കുമെന്നും ചൂണ്ടിക്കാട്ടി വലിയതോതിലുള്ള ആശങ്കയാണ് ഉണ്ടാക്കുന്നതെന്നും ഇത് അനാവശ്യമാണെന്നുമാണ് ഐ.ഒ.സി ചെയര്‍മാന്‍ പറയുന്നത്.
തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നാണ് വിലക്കയറ്റം പലപ്പോഴും തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ധന വിലയില്‍ നേരിയ കുറവ് വരുത്താന്‍ കേന്ദ്രം എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ വീണ്ടും വിലക്കയറ്റം ഉണ്ടായി. ഇതേ അവസ്ഥയാണ് കര്‍ണാടക തെരഞ്ഞെടുപ്പ് സമയത്തും കേന്ദ്ര സ്വീകരിച്ച തന്ത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."