ഇന്‍ഫോസിസ് ജീവനക്കാരിയെ റെയില്‍വേ സ്റ്റേഷനില്‍ വെട്ടിക്കൊലപ്പെടുത്തി
ചെന്നൈ: നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനിന്ന ഇന്‍ഫോസിസ് ജീവനക്കാരിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം. ചൂളൈമേട് സൗത്ത് ഗംഗൈയമ്മന്‍ കോവില്‍ സ്ട്രീറ്റിലെ റിട്ട. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായ സന്താന ഗോപാലകൃഷ്ണന്റെ മകള്‍ എസ്. സ്വാതി(24) ആണ് കൊല്ലപ്പെട്ടത്. മരമലൈ നഗറിലുള്ള മഹീന്ദ്ര ടെക് പാര്‍ക്കിലെ ഇന്‍ഫോസിസ് ജീവനക്കാരിയായ സ്വാതി ഓഫിസിലെത്തുന്നതിന് ട്രെയിന്‍ കാത്തുനില്‍ക്കെയാണ് കൊല നടന്നത്.
തന്റെ ഓഫിസിലേക്ക് പോകാനായി റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ് ഫോമില്‍ നില്‍ക്കുമ്പോള്‍ പച്ച ഷര്‍ട്ടും കറുത്ത പാന്റ്‌സും ധരിച്ച ഒരു യുവാവ് സ്വാതിയുടെ അടുത്തെത്തി. ഏതാനും നിമിഷം ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായിരുന്നു.
തുടര്‍ന്നാണ് തന്റെ കൈവശമുള്ള യാത്രാ ബാഗില്‍ നിന്നും കത്തിയെടുത്ത് യുവതിയെ കൊലപ്പെടുത്തിയത്. യാത്രക്കാര്‍ യുവാവിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. കഴുത്തിലും മുഖത്തും നിരവധി മുറിവുകളുള്ള സ്വാതി പ്ലാറ്റ് ഫോമില്‍തന്നെ രക്തം വാര്‍ന്ന് മരിച്ചു.
രാവിലെ ട്രെയിനില്‍ പോകുന്ന യുവതി ജോലിക്കുശേഷം കമ്പനിയുടെ ബസിലാണ് തിരികെ വരാറുള്ളത്. പിതാവ് സന്താന ഗോപാലകൃഷ്ണനാണ് എന്നും രാവിലെ സ്വാതിയെ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാറുള്ളത്. പതിവുപോലെ ഇന്നലെയും മകളെ റെയില്‍വേ സ്റ്റേഷനില്‍ ആക്കി മിനിറ്റുകള്‍ക്കുള്ളിലാണ് കൊലപാതകം നടന്നത്. പൊലിസ് എത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ ഏതാണ്ട് രണ്ടു മണിക്കൂര്‍ നേരമാണ് മൃതദേഹം പ്ലാറ്റ് ഫോമില്‍ കിടന്നത്.
പ്രാഥമികാന്വേഷണത്തില്‍ സ്വാതിയുമായി പരിചയമുള്ള ആളായിരിക്കാം കൊലപാതകിയെന്നാണ് പൊലിസ് അനുമാനം. സ്വാതിയുടെ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പ്രതിയെക്കുറിച്ച് സൂചനകള്‍ ലഭിക്കാനിടയുണ്ടെന്ന് പൊലിസ് പറഞ്ഞു.
അതേസമയം നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ സി.സി.ടി.വി സ്ഥാപിക്കാത്തതുകാരണം പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് പൊലിസിന് മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതായി വരും.
കഴിഞ്ഞ ബുധനാഴ്ച ചെന്നൈയിലെ വാസര്‍പാടിയില്‍ ഒരു അഭിഭാഷകന്‍ കുത്തേറ്റുമരിച്ചിരുന്നു. സ്വാതിയുടെ മരണത്തില്‍ അനുശോചിച്ച ഇന്‍ഫോസിസ് മാനേജ്‌മെന്റ് പ്രതിയെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."