സഊദിയില്‍ സ്വകാര്യ മേഖലയിലെ റിക്രൂട്ട്‌മെന്റിലും പിടിമുറുക്കി തൊഴില്‍ സാമൂഹിക മന്ത്രാലയം
ജിദ്ദ: സ്വകാര്യ മേഖലയിലെ റിക്രൂട്ട്‌മെന്റിലും പിടിമുറുക്കി സഊദി തൊഴില്‍ മന്ത്രാലയം. ഇതിന്റെ ഭാഗമായി റിക്രൂട്ട്‌മെന്റ് മേഖല കര്‍ശനമാക്കുന്നു. റിക്രൂട്ട്‌മെന്റ് സംവിധാനത്തില്‍ ഭേദഗതികള്‍ വരുത്തി സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതനുസരിച്ച് സ്വകാര്യ സ്ഥാപനങ്ങളില്‍ ലഭ്യമായ മുഴുവന്‍ തൊഴിലവസരങ്ങളെയുംകുറിച്ച് നാഷണല്‍ ലേബര്‍ ഗേറ്റ്‌വേ ആയ താഖാത്തില്‍ തൊഴിലുടമകള്‍ ഇനി മുതല്‍ പരസ്യപ്പെടുത്തിയിരിക്കണം.
നിശ്ചിത സമയം പിന്നിട്ടിട്ടും തൊഴിലവസരങ്ങള്‍ സ്വീകരിക്കുന്നതിന് സന്നദ്ധരായ സ്വദേശികള്‍ മുന്നോട്ടു വരാതിരിക്കുകയും യോഗ്യരായ സ്വദേശികളെ കണ്ടെത്തുന്നതിന് സാധിക്കാതെ വരികയും ചെയ്യുന്ന പക്ഷം വിദേശങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴിലുടമകള്‍ക്ക് മന്ത്രാലയം വിസ അനുവദിക്കും. സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി റിക്രൂട്ട്‌മെന്റ് വ്യവസ്ഥകള്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം കൂടുതല്‍ കര്‍ക്കശമാക്കുന്നത്.
ഇതോടൊപ്പം വിസ അനുവദിക്കുന്നതിന് പുതുതായി ഒരു വ്യവസ്ഥ കൂടി ബാധകമാക്കുന്നതിന് മന്ത്രാലയത്തിന് നീക്കമുണ്ട്. സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതിന് തൊഴിലുടമകള്‍ക്കുള്ള യഥാര്‍ഥ താല്‍പര്യം അളക്കുന്ന സൂചിക ഏര്‍പ്പെടുത്താനാണ് ശ്രമം. വേതനം അടക്കം തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഓരോ തൊഴിലിനും ഉദ്യോഗാര്‍ഥികള്‍ക്കുണ്ടായിരിക്കണമെന്ന് തൊഴിലുടമകള്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളും വ്യവസ്ഥകളും സൂചികയില്‍ അവലംബിക്കും.
താഖാത്ത് പോര്‍ട്ടലില്‍ ലഭ്യമായ, ഉദ്യോഗാര്‍ഥികളുടെ എത്ര യോഗ്യതകള്‍ തൊഴിലുടമകള്‍ പരിശോധിച്ചിട്ടുണ്ടെന്നും എത്ര സ്വദേശി ഉദ്യോഗാര്‍ഥികളെ നേരിട്ടുള്ള ഇന്റര്‍വ്യൂവിന് ക്ഷണിച്ചിട്ടുണ്ടെന്നും മറ്റുമുള്ള കാര്യങ്ങളെ സൂചികയുമായി ബന്ധിപ്പിക്കും. ഈ സൂചികയും റിക്രൂട്ട്‌മെന്റിനുള്ള വ്യവസ്ഥയായി മന്ത്രാലയം ഉപയോഗപ്പെടുത്തും. സ്വകാര്യ മേഖലയിലെ മുഴുവന്‍ തൊഴിലവസരങ്ങളിലും സ്വദേശികള്‍ക്ക്് മുന്‍ഗണന നല്‍കുന്നതിനും പുതിയ നടപടികളിലൂടെ സാധിക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."