അരൂര്‍ ബൈപ്പാസ് -ഇടക്കൊച്ചി റോഡിലെ അനധികൃത പാര്‍ക്കിങ് അപകട ഭീഷണി ഉയര്‍ത്തുന്നു
അരൂര്‍: അരൂര്‍ ബൈപ്പാസ് -ഇടക്കൊച്ചി റോഡില്‍ അപകടകെണിയൊരുക്കി അനധികൃത വാഹന പാര്‍ക്കിങ്. പ്രധാന റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള നടപ്പാത വാഹനങ്ങളും പെട്ടിക്കടകളും കൈയടക്കിയതോടെ കാല്‍ നടയാത്രികര്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി.
സംസ്ഥാന പാതയായ റോഡ് വളരെക്കാലത്തിനു ശേഷമാണ് മാസങ്ങള്‍ക്ക് മുന്‍പ് കോടികള്‍ മുടക്കി ദേശീയ നിലവാരത്തില്‍ പുനര്‍നിര്‍മിച്ചത്. ഇതോടെ വാഹനങ്ങള്‍ നല്ല വേഗതയിലാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. നടപ്പാതകള്‍ ഉണ്ടെങ്കിലും കാല്‍നടയാത്രക്കാര്‍ക്ക് അവ ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്.
നിരവധി വ്യാപാര സ്ഥാപനങ്ങളും തൊഴില്‍ശാലകളും മാര്‍ക്കറ്റും ആരാധനാലയങ്ങളും റോഡിന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നുണ്ട്. രാവിലെയും വൈകിട്ടും വന്‍ ജനതിരക്കാണ് റോഡില്‍ അനുഭവപ്പെടുന്നത്.
നടപ്പാതയോട് ചേര്‍ന്ന് ഇരുചക്രവാഹനങ്ങളും ലോറികള്‍ ഉള്‍പ്പടെ വലിയ വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നത് മൂലം കാല്‍നടയാത്രികരുടെ ദുരിതം ദിനംപ്രതി വര്‍ധിക്കുകയാണ്. നടപ്പാതയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളെ മറികടക്കാനും മറ്റും റോഡിലെ വെള്ള വര മരികടന്നാണ് കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കുന്നത്.
ഇരുവശങ്ങളില്‍ നിന്നും വേഗതയിലെത്തുന്ന വാഹനങ്ങള്‍ ഇടിച്ച് ഇതിനകം നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവവുമുണ്ടായിട്ടും ബന്ധപ്പെട്ട അധികൃതര്‍ക്ക് അനക്കമില്ല. ഭാഗ്യംകൊണ്ട് മാത്രമാണ് പലരും ഈ മരണക്കെണിയില്‍ നിന്നും രക്ഷപ്പെടുന്നത്.
റോഡരികിലെ നടപ്പാതയില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ പൊലിസും റോഡ് അധികൃതരും ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."