പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കും
തിരുവനന്തപുരം: തൊഴില്‍ നൈപുണ്യം നവീകരിച്ചും ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രത്യേക യാനങ്ങള്‍ നല്‍കിയും മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കുന്നതിന് സര്‍ക്കാര്‍ സംഘടിതശ്രമം നടത്തുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു. മത്സ്യവിത്ത് ഉല്‍പാദനത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കും. മത്സ്യത്തൊഴിലാളികളുടെ സമഗ്ര ഡാറ്റാബാങ്ക് തയാറാക്കും.
അവര്‍ക്കുള്ള സഹായങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ എല്ലാ അംഗീകൃത മത്സ്യത്തൊഴിലാളികള്‍ക്കും ഫാമിലി കാര്‍ഡ് നല്‍കും. ആഴക്കടല്‍ മത്സ്യബന്ധനം പുനഃപരിശോധിക്കുന്നതിനു രൂപീകൃതമായ മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും നിലവിലെ നയങ്ങളും മത്സ്യത്തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ക്ക് ഹാനികരമായതിനാല്‍ ഡോ. എസ്. അയ്യപ്പന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ വേഗത്തില്‍ നടപ്പാക്കും.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളിലെ മത്സ്യത്തൊഴിലാളികളെ മന്‍ഗണനാക്രമം അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പുനരധിവസിപ്പിക്കും. ശുചിത്വമിഷന്റെ സഹായത്തോടെ എല്ലാ മത്സ്യബന്ധന ഗ്രാമങ്ങളിലും ശുദ്ധജലം, ശുചിത്വമുള്ള കക്കൂസ്, മാലിന്യ സംസ്‌കരണ സംവിധാനം എന്നീ പ്രാഥമിക സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ഊന്നല്‍ നല്‍കും. വിദേശ മത്സ്യബന്ധന കപ്പലുകള്‍ കേരള തീരത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ കടക്കുന്നത് നിരോധിക്കുന്നതിനും മുരാരി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ തേടുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."