മയക്കുമരുന്നിന്റെ മറപിടിച്ച് മദ്യനയം; വിവാദ പദ്ധതികളുമായി മുന്നോട്ടുപോകും
തിരുവനന്തപുരം: പിണറായി സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ പി. സദാശിവം നടത്തിയ നയപ്രഖ്യാപനം ഒറ്റനോട്ടത്തില്‍ ജനപ്രിയം. എന്നാല്‍ വിവാദങ്ങള്‍ക്കിടയാക്കാവുന്ന ചില നയസമീപനങ്ങള്‍ വളച്ചുകെട്ടലുകളോടെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. മദ്യനയവും വാതക പൈപ്പ്‌ലൈന്‍ പദ്ധതിയും ദേശീയപാത വികസനവുമൊക്കെ ഇതില്‍പ്പെടും.
മയക്കുമരുന്നു ഭീഷണിയുടെ മറപിടിച്ച് മദ്യനയത്തില്‍ മാറ്റംവരുത്തുമെന്ന് വ്യക്തമായ സൂചനയോടെ വളച്ചുകെട്ടി പറയുന്നുണ്ട്. മദ്യത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു. സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോഗത്തിലും ലഭ്യതയിലുമുള്ള വര്‍ധന അസ്വസ്ഥതയുളവാക്കുന്നതാണ്. സര്‍ക്കാര്‍ നയപരമായ നിലപാട് രൂപീകരിക്കുന്നതിനു മുമ്പ് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം കണക്കിലെടുക്കുമെന്നും നയപ്രഖ്യാപനം പറയുന്നു.
അതേസമയം, മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകളിലെയും കോളജുകളിലെയും മയക്കുമരുന്ന വിരുദ്ധ ക്ലബ്ബുകള്‍, എന്‍.എസ്.എസ്, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതി, എന്‍.ജി.ഒകള്‍, വിദ്യാര്‍ഥി- യുവജന സംഘടനകള്‍ എന്നിവയെ ഇതിനായി ഏകോപിപ്പിക്കും. മദ്യത്തിന്റെ ഉപഭോഗം, ലഹരിപദാര്‍ഥങ്ങളുടെ ലഭ്യത എന്നിവയില്‍ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചു പഠനം നടത്തും. മയക്കുമരുന്ന് ഉപഭോഗത്തെ പ്രതിരോധിക്കാന്‍ ആധുനിക സൗകര്യത്തോടെയുള്ള ലബോറട്ടറി സ്ഥാപിക്കും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡീ- അഡിക്ഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
ഏറെ ബഹുജന പ്രതിഷേധം നേരിട്ട വാതക പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപനത്തില്‍ വ്യക്തമായി പറയുന്നു. മുഖ്യമന്ത്രിയായി അധികാരമേറ്റയുടന്‍ ഇതുസംബന്ധിച്ച് പിണറായി വിജയന്‍ നടത്തിയ പ്രസ്താവന പ്രതിഷേധത്തിനിടയാക്കിയിരുന്നു. അത് അവഗണിച്ചുകൊണ്ട് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നാണ് നയപ്രഖ്യാപനം വ്യക്തമാക്കുന്നത്. റോഡ് വീതി കൂട്ടുന്നതിന് ഭൂമിയേറ്റെടുക്കല്‍ വലിയ പ്രതിസന്ധിയാണെന്നും സര്‍ക്കാര്‍ ഇത് ത്വരിതപ്പെടുത്തുമെന്നും നയപ്രഖ്യാപനത്തിലുണ്ട്. ദേശീയപാതാ വികസനം 45 മീറ്ററില്‍ തന്നെ ആയിരിക്കുമെന്നാണ് ഇതുവഴി പറയാതെ പറയുന്നത്. ഇക്കാര്യവും നേരത്തേ പിണറായി പറഞ്ഞിരുന്നു. ഈ വിഷയത്തിലും പ്രതിഷേധമുയര്‍ന്നിരുന്നു. സ്വകാര്യ നിക്ഷേപത്തിന്റെ വരവ് വേഗത്തിലാക്കുമെന്നു പറയുന്ന നയപ്രഖ്യാപനത്തില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. മറ്റു വിവിധ മേഖലകളിലും ഒട്ടേറെ വികസന, ക്ഷേമ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനെതിരേ പേരെടുത്തു പറയാതെയുള്ള ശക്തമായ വിമര്‍ശനവും നയപ്രഖ്യാപനത്തിലുണ്ട്. അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരായി ജനങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രതികരിച്ചുകൊണ്ടാണ് ഈ സര്‍ക്കാരിനെ അധികാരത്തിലേറ്റിയതെന്ന് ഗവര്‍ണറുടെ പ്രസംഗത്തിന്റെ തുടക്കത്തില്‍തന്നെ പറയുന്നു. ജനവിരുദ്ധനയങ്ങള്‍ക്കും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കും മതേതരത്വം ദുര്‍ബലപ്പെടുത്തുന്നതിനും എതിരായ സമ്മതിദായകരുടെ ശക്തമായ പ്രതിഷേധത്തിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് വിധിയെന്നും പരാമര്‍ശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."