പൊലിസ് വാഹന പരിശോധനയ്ക്കിടെ സംഘര്‍ഷം; ബൈക്കില്‍ നിന്നും വീണ് രണ്ടുപേര്‍ക്ക് പരുക്ക്
കൊല്ലം: ദേശീയപാതയില്‍ പോളയത്തോടിന് സമീപം പൊലിസിന്റെ വാഹന പരിശോധയ്ക്കിടെ സംഘര്‍ഷം. പരിശോധനയ്ക്കായി ഹോംഗാര്‍ഡ് വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തുന്നതിനിടെ ബൈക്കില്‍ നിന്നും വീണ്ട് രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ 11.30ഓടെ പോളയത്തോട് ജങ്ഷന് സമീപത്താണ് സംഭവം. ബൈക്കില്‍ നിന്നും വീണ് രണ്ടു യാത്രക്കാര്‍ക്ക് പരുക്കേറ്റതോടെ തടിച്ചുകൂടിയ നാട്ടുകാര്‍ പൊലിസ് വാഹനം തടഞ്ഞു. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സംഭവമറിഞ്ഞെത്തിയ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.സദഖത്തുള്ള, വൈസ് പ്രസിഡന്റ് നിയാസ് അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹന ഗതാഗതം തടസപ്പെട്ടതോടെ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എസ്.ഐ തുടങ്ങി ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരെത്തി കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
ദേശീയപാതയില്‍ പോളയത്തോട്ടില്‍ പെട്ടെന്ന് കാണാന്‍ കഴിയാത്ത ഭാഗത്ത് നിന്ന് വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുന്നതിനിടെ പെട്ടെന്നു നിര്‍ത്തിയ കാറിന് പിന്നിലിടിച്ചാണ് ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. ബൈക്ക് കാറിന്റെ പിറകില്‍ ഇടിച്ച് ബൈക്ക് യാത്രികനായ ഷാനു റോഡിലേക്ക് തെറിച്ചുവീണു. ഇയാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അല്‍പ്പ സമയത്തിനകം ദേശീയപാതയിലൂടെ വന്ന മറ്റൊരു ബൈക്കും പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തുന്നതിനിടെ യാത്രികനായ നിസാര്‍ റോഡിലേക്ക് തെറിച്ചുവീണു. ഇയാളുടെ കാലിനും തോളെല്ലിനും പരിക്കേറ്റു. യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടിട്ടും ഗൗനിക്കാതെ പൊലിസുകാരും ഹോംഗാര്‍ഡും പരിശോധന തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ സംഘടിച്ചെത്തുകയും സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്യുകയായിരുന്നു. മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധ സമരത്തിന് ജില്ലാ ഭാരവാഹികള്‍ക്ക് പുറമെ ഇരവിപുരം മണ്ഡലം പ്രസിഡന്റ് ഷൈജു, അന്‍സാരി, ഷെല്‍ഫിക്കര്‍, ഷാനു, അനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."