പൊലിസില്‍ സ്‌ഫോടനാത്മക സാഹചര്യമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേരള പൊലിസില്‍ സ്‌ഫോടനാത്മക സാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫസല്‍ വധക്കേസ് അന്വേഷിച്ച മുന്‍ ഡിവൈ.എസ്.പി കെ. രാധാകൃഷ്ണന്‍ കോടിയേരിക്കെതിരേ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസ് പുനരന്വേഷിക്കണം.
നിയമവിരുദ്ധമായി ഒരു ഡി.ജി.പിയെ മാറ്റിയതു മുതലുള്ള അനഭിലഷണീയ പ്രവണതകള്‍ സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ത്തിരിക്കുകയാണ്.
എസ്.പിമാരെ രണ്ടുവര്‍ഷത്തിനകം അഞ്ചുതവണ മാറ്റി. പൊതുജനങ്ങള്‍ക്കു വിശ്വാസമില്ലാത്ത ഉദ്യോഗസ്ഥരെ പ്രധാനപ്പെട്ട ക്രമസമാധാന നിര്‍വഹണ ചുമതലയേല്‍പ്പിച്ചതും സേനയുടെ പ്രവര്‍ത്തനത്തിനു ദോഷകരമായി.
സ്റ്റേഷനുകളിലെ ഹൗസ് ഓഫിസര്‍ ചുമതല സി.ഐമാരെ ഏല്‍പ്പിച്ചതോടെ എസ്.ഐ റാങ്കിലേക്കു തരംതാഴ്ത്തപ്പെട്ട മാനസികാവസഥ അവരിലുണ്ടായി.
നേരത്തേ സി.ഐമാര്‍ നിര്‍വഹിച്ചിരുന്ന സ്റ്റേഷന്‍ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടവും ഇതോടെ ഇല്ലാതായി. എസ്.ഐമാര്‍ക്ക് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തില്‍ ഉത്തരവാദിത്തമില്ലാതെയുമായി.
കൂടാതെ പൊലിസിനെ പൂര്‍ണമായി രാഷ്ട്രീയവല്‍ക്കരിക്കുകകൂടി ചെയ്തതോടെ പൊലിസ് സംവിധാനം ശരിയായി പ്രവര്‍ത്തിക്കാത്ത അവസ്ഥയാണുള്ളത്. സ്റ്റേഷനുകളില്‍ അഴിമതിയും മൂന്നാംമുറയും കസ്റ്റഡി മരണവുമൊക്കെയാണ് ഇപ്പോള്‍ നടക്കുന്നത്. ഉത്തര മേഖല എ.ഡി.ജി.പി വിരമിച്ചിട്ട് രണ്ടാഴ്ചയായിട്ടും പുതിയയാളെ നിയമിച്ചിട്ടില്ല.
വരാപ്പുഴയില്‍ ശ്രീജിത്ത് പൊലിസ് കസ്റ്റഡിയില്‍ മരിച്ചതിനുപിന്നില്‍ സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ ഗൂഢാലോചനയുണ്ടെന്ന് അമ്മ ആരോപിച്ച സാഹചര്യത്തില്‍ കേസ് സി.ബി.ഐ അന്വേഷിക്കണം.
അന്വേഷണം പാര്‍ട്ടിയിലേക്ക് എത്തുമെന്ന ഭയം കൊണ്ടാണ് സി.ബി.ഐ അന്വേഷണത്തെ സി.പി.എം എതിര്‍ക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."