പെന്‍ഷന്‍ വാങ്ങാന്‍ ഇനി ബാങ്കില്‍ പോയി ക്യൂ നില്‍ക്കേണ്ടതില്ല
തിരുവനന്തപുരം: പെന്‍ഷന്‍ വാങ്ങാന്‍ ഇനി ബാങ്കില്‍ പോയി ക്യൂ നില്‍ക്കേണ്ടതില്ല. തൊട്ടടുത്ത റേഷന്‍ കടയില്‍ ചെന്നാല്‍ മതി. ബാങ്കെവിടെ എന്ന് ആരെങ്കിലും ചോദിച്ചാലും റേഷന്‍കട ചൂണ്ടിക്കാണിച്ചാല്‍ മതി. കാരണം, പെന്‍ഷന്‍ വിതരണം ഉള്‍പ്പെടെ 40 ഓളം ധനകാര്യ സേവനങ്ങളാണ് സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഒരുങ്ങുന്നത്. റേഷന്‍കടകളില്‍ ബാങ്കിങ് സേവനങ്ങള്‍ കൂടി ലഭ്യമാക്കുന്ന പദ്ധതി തയാറാക്കുകയാണ് സര്‍ക്കാര്‍. കാനറാ ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റ് ആകുന്നതോടെയാണ് റേഷന്‍ കടകളില്‍ ഈ സേവനങ്ങള്‍ ലഭ്യമാകുക. ഇതുസംബന്ധിച്ചുള്ള രണ്ടാംഘട്ടയോഗം തലസ്ഥാനത്ത് നടന്നു.
അക്കൗണ്ട് തുറക്കല്‍, പണം നിക്ഷേപിക്കല്‍, പണം പിന്‍വലിക്കല്‍, ഫണ്ട് ട്രാന്‍സ്ഫര്‍, മിനി സ്റ്റേറ്റ്‌മെന്റ്, ബാലന്‍സ് അറിയല്‍, ആധാര്‍ കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍, സാമൂഹിക സുരക്ഷാ പദ്ധതികളിലേക്കുള്ള എന്റോള്‍മെന്റ് (പി.എം.ജെ.ജെ.വൈ, പി.എം.എസ്.ബി.വൈ, എ.പി.വൈ), തേര്‍ഡ് പാര്‍ട്ടി ഫിനാന്‍ഷ്യല്‍ പ്രോഡക്ട്‌സ്, റക്വറിങ് ഡിപ്പോസിറ്റ്, പെന്‍ഷന്‍ വിതരണം തുടങ്ങിയ ബാങ്കിങ് സേവനങ്ങളാണ് റേഷന്‍കടകളില്‍ ലഭ്യമാകുക.
ഭാവിയില്‍ കിസാന്‍ വികാസ് പത്ര പോലുള്ള സ്ഥിര നിക്ഷേപങ്ങളുടെ ഈടില്‍ വായ്പകളും ലഭിക്കും. ബാങ്കിന്റെ വായ്പാ അപേക്ഷകരെ സംബന്ധിച്ച പരിശോധനയും റേഷന്‍കടയുടമയ്ക്ക് നടത്താം. ലോണ്‍ തിരിച്ചടവ്, വായപ്പകള്‍ക്കുളള അപേക്ഷകള്‍, ജനറല്‍ പര്‍പ്പസ് ക്രഡിറ്റ് കാര്‍ഡ്, കിസാന്‍ ക്രഡിറ്റ് കാര്‍ഡ്, കറന്റ് അക്കൗണ്ട്, സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, ടേം ഡിപ്പോസിറ്റ്, റക്കറിങ് ഡിപ്പോസിറ്റ്, മൂച്വല്‍ ഫണ്ട്‌സ്, ലൈഫ്-നോണ്‍ലൈഫ് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പ്രോഡക്ട്‌സ്, റുപേ ഡെബിറ്റ് കാര്‍ഡ് നല്‍കലും ആക്ടിവേഷനും എന്നിങ്ങനെ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ കാനറാ ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്‍സ് ഓഫിസില്‍ ലഭിക്കുന്ന സേവനങ്ങലെല്ലാം ഭാവിയില്‍ റേഷന്‍കടയിലും ലഭിക്കും.
ഇ-പോസ് മെഷീനിലൂടെയാണ് റേഷന്‍ കടകളെ ബാങ്കുമായി ബന്ധിപ്പിക്കുന്നത്. ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ റേഷന്‍ കടകളിലെ ജീവനക്കാര്‍ക്ക് കനറാ ബാങ്ക് പരിശീലനം നല്‍കും. റേഷന്‍ വിതരണത്തെ ബാധിക്കാതിരിക്കാന്‍ ബാങ്കിങ് സേവനങ്ങള്‍ക്ക് നിശ്ചിത സമയം ഉണ്ടാകും. ഒരു മാസം നൂറ് ഇടപാട് നടന്നാല്‍ 2,500 രൂപ റേഷന്‍ കടക്കാരന് ലഭിക്കും. 100 മുതല്‍ 200 വരെ ഇടപാട് നടന്നാല്‍ 5,000 രൂപയും. ഇടപാട് കൂടുന്നതനുസരിച്ച് കമ്മിഷനും വര്‍ദ്ധിക്കും.
പരീക്ഷണാടിസ്ഥാനത്തില്‍ ഒരു നഗരത്തിലെ റേഷന്‍ കടകളില്‍ ആദ്യം നടപ്പാക്കും. ഇ- പോസ് മെഷീന്‍ മിനി എ.ടി.എമ്മാക്കി പണം പിന്‍വലിക്കാം.
റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയുള്ള നാല്‍പ്പതോളം ബാങ്കിങ് സേവനങ്ങള്‍ റേഷന്‍ കടകള്‍ വഴി നല്‍കാന്‍ കഴിയുമെന്ന് കനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സന്തോഷ്‌കുമാര്‍ സുപ്രഭാതത്തോടു പറഞ്ഞു. ഘട്ടംഘട്ടമായാണ് ഈ സേവനങ്ങള്‍ റേഷന്‍കടകളില്‍ ലഭ്യമാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."