ഞീഴൂര്‍, തിരുവമ്പാടി കോളനി നിവാസികള്‍ക്ക് ആശ്വസിക്കാം കോളനിയിലെ വീടുകളുടെ പുനരുദ്ധാരണത്തിനു വഴിതുറന്നു
കടുത്തുരുത്തി: കാലപഴക്കത്തില്‍ ശോചനിയാവസ്ഥയിലായ ഞീഴൂര്‍, തിരുവമ്പാടി കോളനിയിലെ വീടുകളുടെ പുനരുദ്ധാരണത്തിനു വഴിതുറന്നു.
ത്രീതല പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഇന്നലെ കോളിനിയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണു കോളിനിയിലെ വീടുകളുടെ പുനരുദ്ധാരണത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനുമായി ഫണ്ട് അനുവദിക്കാന്‍ തീരുമാനിച്ചത്.
ജില്ലാ പഞ്ചായത്തില്‍ നിന്നും 38 ലക്ഷം, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം, ഞീഴൂര്‍ പഞ്ചായത്ത് 14 ലക്ഷം എന്നിങ്ങനെയാണു കോളിനിയുടെ വികസനത്തിനായി തുക അനുവദിക്കുന്നത്.
ഞീഴൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍പെടുന്ന തിരുവമ്പാടി കോളിനിയില്‍ 24 കുടുംബങ്ങളാണു കഴിയുന്നത്. ഇതില്‍ എട്ടുവീടുകള്‍ ഇരട്ടവീടുകളും (ഒറ്റ ചുമരിനു രണ്ടുവശത്തായി രണ്ട് കുടുംബങ്ങള്‍ കഴിയുന്നത്) 16 ഒറ്റ വീടുകളുമാണുള്ളത്.
കാലപഴക്കത്തില്‍ വീടുകളെല്ലാം ജീര്‍ണാവസ്ഥയിലാണ്.
കോളനിയിലേക്കും വീടുകളിലേക്കുമുള്ള വഴികളും തകര്‍ന്നു കിടക്കുകയാണ്. വീടുകളുടെ മേല്‍ക്കൂര ഓട് വിരിച്ചതാണ്.
കാലപഴക്കത്തില്‍ തകര്‍ന്ന മേല്‍ക്കൂരയിലൂടെ വെള്ളം വീഴാതിരിക്കാന്‍ മുകളില്‍ ഷീറ്റ് വലിച്ചു കെട്ടിയിരിക്കുകയാണ്.
എന്നാല്‍ ഇവയെല്ലാം കാലപഴക്കത്തില്‍ ചോര്‍ന്ന് വീടുകളില്‍ വെള്ളം നിറയുന്ന സ്ഥിതിയാണ്. മണ്‍കട്ടകള്‍ കൊണ്ട് നിര്‍മിച്ച വീടുകളുടെ ഭിത്തികളും തകര്‍ന്നിരിക്കുകയാണ്.
കോളിനിയുടെ അടിസ്ഥാന സൗകര്യം മെച്ചപെടുത്തണമെന്നതും അടിയിന്തര ആവശ്യമാണ്. ഷീറ്റ് ഉപയോഗിച്ചു മറച്ചാണു കോളിനിവാസികളില്‍ പലരും പ്രാഥമികാവിശ്യങ്ങള്‍ നടത്തുന്നത്.
വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ തന്നെ കോളിനിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാണു ലക്ഷ്യമിടുന്നതെന്നു ജനപ്രതിനിധികള്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൂസമ്മ ജെയിംസ്, പഞ്ചായത്ത് പ്രസിഡന്റ് എന്‍.മണിലാല്‍, ബ്ലോക്ക് മെമ്പര്‍ ലിലിക്കുട്ടി മാത്യു, വാര്‍ഡ് മെമ്പര്‍ സജിമോള്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ കോളിനി സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."