നാറാത്ത് എസ്.ഡി.പി.ഐ പ്രവര്ത്തകന് അറസ്റ്റില്‍ കണ്ടെത്തിയത് ബോംബല്ലെന്ന് പൊലിസ്
നാറാത്ത്: പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും നാറാത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. പി.പി അബ്ദുല്‍ ഖാദറാണ് അറസ്റ്റിലായത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫ്സ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അബ്ദുല്‍ഖാദറിനെ റിമാന്‍ഡ് ചെയ്തു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ റഊഫ്, മുസ്തഫ, നൗഷാദ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 25ഓളം പേര്‍ക്കെതിരേയും മയ്യില്‍ പൊലിസ് കേസെടുത്തു. ഇതില്‍ പ്രതിഷേധിച്ച് നാറാത്ത് ബസാറില്‍ എസ്.ഡി.പി.ഐ ഹര്‍ത്താല്‍ ആചരിച്ചു.
കഴിഞ്ഞ ദിവസം നാറാത്ത് പാമ്പുരുത്തി റോഡ് ആര്.എസ്.എസ് കാര്യാലയത്തിനു സമീപം സ്റ്റീല്‍ ബോംബ് കണ്ടെടുത്ത സംഭവത്തില്‍ പൊലിസ് റെയ്ഡ് നടത്താത്തതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയിരുന്നു. പ്രകടനത്തില്‍ പങ്കെടുത്ത യൂത്ത് ലീഗ്, എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെയും മറ്റും വീടുകളില്‍ അര്‍ധരാത്രി പൊലിസ് പരിശോധന നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം 6.30ഓടെ മാരാര്‍ജി കേന്ദ്രത്തിന് എതിര്‍വശത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. മയ്യില്‍ എസ്.ഐ ബാബുമോനും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ടെടുത്ത ബോംബ് പോലെ തോന്നിപ്പിക്കുന്ന സ്റ്റീല്‍ പാത്രത്തിനുള്ളില്‍ മണ്കല്ലുകളും തുണിക്കഷണവുമാണെന്ന് മയ്യില്‍ പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."