വനിതാ ടെക്കിക്ക് നേരെ അര്‍ധരാത്രിയില്‍ അതിക്രമം: ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍
കഴക്കൂട്ടം: ഉറങ്ങിക്കിടന്ന വനിതാ ടെക്കിക്ക് നേരെ അര്‍ധരാത്രിയില്‍ അതിക്രമം കാട്ടിയശേഷം കടന്നുകളഞ്ഞ ഓട്ടോ ഡ്രൈവറെ തുമ്പ പൊലിസ് അറസ്റ്റു ചെയ്തു.
ഓട്ടോ സ്റ്റാന്റില്‍ കയറാതെ കഴക്കൂട്ടത്തും പരിസരങ്ങളിലുമായി ഓട്ടോ ഓടിക്കുന്ന കഴക്കൂട്ടം കിഴക്കുംഭാഗം പുതുവല്‍ പുത്തന്‍വീട്ടില്‍ മുരുകേശന്‍ (40 ) ആണ് പിടിയിലായത്.
കഴക്കൂട്ടം റെയില്‍വെ സ്‌റ്റേഷന് സമീപത്ത് വനിതാ ടെക്കികള്‍ പേയിങ് ഗസ്റ്റുകളായി താമസിക്കുന്ന വീടിന്റെ മുകള്‍ നിലയില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ച സംഭവത്തിലാണ് അറസ്റ്റ്.
ടെക്കിയുടെ റൂം മേറ്റ് നാട്ടില്‍ പോയ തക്കത്തിന് മതില്‍ ചാടിക്കടന്ന് രണ്ടാം നിലയിലെത്തിയാണ് യുവതിയോട് ഇയാള്‍ അതിക്രമം കാട്ടിയത്.ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം കഴക്കൂട്ടം റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്ന റോഡില്‍ ഓട്ടോ ഒതുക്കിയിട്ടശേഷം സമീപത്തെ പുരയിടത്തിലെ ചുറ്റുമതില്‍ ചാടിക്കടന്ന് വനിതാ ടെക്കികള്‍ താമസിക്കുന്ന വീടിന്റെ മതിലിന് മുകളില്‍ കയറി മതിലിലൂടെ നടന്ന് മതിലിന് സമീപം നിന്ന പപ്പായ മരത്തിലൂടെ വീടിന്റെ രണ്ടാം നിലയിലെത്തിയാണ് ഇയാള്‍ അതിക്രമം നടത്തിയത്.
യുവതി ഉറങ്ങിക്കിടന്ന മുറിക്കുസമീപമെത്തിയ മുരുകേശന്‍ തുറന്നുകിടന്ന ജനാലയിലൂടെ കൈകടത്തിയാണ് ഉറങ്ങിക്കിടന്ന യുവതിയോട് അക്രമം കാട്ടിയത്.
നല്ല ഉറക്കത്തിലായിരുന്നു യുവതി, ഇയാളുടെ കര സ്പര്ശനത്തെത്തുടര്‍ന്ന് ഞെട്ടിയുണര്‍ന്ന് ഭയന്ന് ഉറക്കെ നിലവിളിച്ചിട്ടും തൊട്ടടുത്ത റൂമിലെ സഹപ്രവര്‍ത്തകരോ സമീപവാസികളോ അറിഞ്ഞില്ല. ഫോണിലൂടെ വീട്ടുടമയെ വിവരം അറിയിച്ചിട്ടും പ്രയോചനം ഉണ്ടായില്ല.
ജനാലയിലൂടെ വീണ്ടും അതിക്രമത്തിന് മുതിര്‍ന്നപ്പോള്‍ റൂമിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് അക്രമിയെ നേരിടുകയും ഓട്ടോഡ്രൈവറുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതോടെയുമാണ് അക്രമി പിന്‍വാങ്ങിയത്.
കത്തികൊണ്ട് അയാള്‍ക്ക് കൈയ്യില്‍ ചെറിയ മുറിവ് ഉണ്ടായതായും യുവതി പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അടുത്ത ദിവസം തുമ്പ സ്റ്റേഷനിലെത്തിയ യുവതി മൊബൈല്‍ ഫോണ്‍ ഫോട്ടോ സഹിതം പരാതിനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ അന്വോഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
തുമ്പ എസ്.ഐ. പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ എ.എസ്.ഐ ഷാജഹാന്‍, ക്രൈം എസ്.ഐ കുമാരന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."