നഗരവികസനത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കും: കലക്ടര്‍
കോഴിക്കോട്: നഗരവികസനത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ്. കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ മലബാര്‍ പാലസില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. ചരിത്രവും പൈതൃകവും കാത്തുസൂക്ഷിക്കുന്ന തരത്തില്‍ കേരളത്തിലെ സ്‌പൈസ് റൂട്ടില്‍ (സുഗന്ധവ്യഞ്ജന പാത) കോഴിക്കോടിനെയും ഉള്‍പ്പെടുത്താന്‍ ശ്രമിക്കും.
മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃതമായ ഒരു സംവിധാനത്തിനായി കോര്‍പ്പറേഷന്‍, ആരോഗ്യ വകുപ്പ് തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ടുള്ള യോഗം ഇതിനോടകം ചേര്‍ന്നിട്ടുണ്ട്. മാലിന്യ സംസ്‌കരണം എങ്ങനെ സാധ്യമാക്കാമെന്നത് ഇവിടെ ചോദ്യചിഹ്നമായി മാറുകയാണ്. കനോലി കനാലടക്കമുള്ള ജലപാതകള്‍ നവീകരിക്കാനും, ടൂറിസം സാധ്യത വര്‍ധിപ്പിക്കാനാവശ്യമായ പദ്ധതികള്‍ക്കും കൂടുതല്‍ പ്രാമുഖ്യം നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ കുമാര്‍ അധ്യക്ഷനായി. അഡ്വ.ജയിംസ് തോമസ്, അനില്‍ ബാലന്‍, ഡോ.വി.കെ.എസ് മേനോന്‍, കൗശിക് സമ്പത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."