എടച്ചേരിക്കാരുടെ എം.പി ഉസ്താദിന് ജന്മനാടിന്റെ ആദരം
എടച്ചേരി: 85ാം വയസിലും സര്‍വരുടെയും സ്‌നേഹം പിടിച്ചുപറ്റി പൊതുപ്രവര്‍ത്തന രംഗത്ത് തുടരുന്ന എം.പി ഉസ്താദ് എന്ന മീത്തലെ പീടികയില്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാരെ ജന്മനാട് ആദരിക്കുന്നു. ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിലീഫ് സംഘടനയായ മസാലിഹുല്‍ മുസ്‌ലിമീന്റെ 25ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്. പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും.
പ്രഗത്ഭ വാഗ്മിയും പണ്ഡിതനുമായ വട്ടോളി കുഞ്ഞമ്മദ് മുസ്‌ലിയാരുടെ മകനായ എം.പി ഉസ്താദ് നാട്ടിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സുപരിചിതനും പ്രിയങ്കരനുമാണ്. മുപ്പത് വര്‍ഷത്തിലേറെക്കാലം കാര്‍ത്തികപ്പള്ളി നോര്‍ത്ത് മാപ്പിള എല്‍.പി സ്‌കൂളില്‍ അറബി അധ്യാപകനായും കാര്‍ത്തികപ്പള്ളി നൂറുല്‍ ഇസ്‌ലാം മദ്‌റസയിലും ജോലി ചെയ്ത എം.പി ക്ക് എടച്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി വലിയൊരു ശിഷ്യസമ്പത്തുണ്ട്.
ഹൃദയം തുറന്ന് സംസാരിക്കുകയും നാട്ടുകാരുടെ പ്രശ്‌നങ്ങളില്‍ ഊര്‍ജസ്വലനായി ഇടപെടുകയും ചെയ്യുന്ന എം.പി എടച്ചേരിക്കാരുടെ പ്രിയപ്പെട്ട മഹല്ല് പ്രസിഡന്റ് കൂടിയാണ്. അധ്യാപനത്തില്‍നിന്ന് വിരമിച്ച ശേഷം രണ്ടു പതിറ്റാണ്ടിലേറെക്കാലം എടച്ചേരി പുതിയങ്ങാടി മഹല്ല് ഖാസിയായി. ശാരീരിക അസ്വസ്ഥതകള്‍ കാരണം ഖാസിസ്ഥാനത്തുനിന്നു ഒഴിവായെങ്കിലും വീട്ടില്‍ അടങ്ങിയിരിക്കാന്‍ എം.പി തയാറായില്ല. ക്ലാസ് മുറിക്കകത്ത് മാത്രം ഒതുങ്ങുന്നതായിരുന്നില്ല എം.പിയുടെ അധ്യാപനങ്ങള്‍. അത് ഒട്ടനവധി മതപ്രസംഗവേദികളിലും സാംസ്‌കാരിക സദസുകളിലുമായി നിറഞ്ഞുനിന്നു. നിരവധി ശിഷ്യഗണങ്ങള്‍ക്ക് മതവിദ്യാഭ്യാസം നല്‍കാനും എം.പി ക്ക് സാധിച്ചു. നാദാപുരത്തെ പ്രശസ്ത പണ്ഡിതനായ കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാരായിരുന്നു പ്രധാന ഗുരു.
ആദരിക്കലിനോടനുബന്ധിച്ച് വനിതാ സമ്മേളനം, മതപ്രഭാഷണം, സാംസ്‌കാരിക സദസ്, ഇസ്‌ലാമിക കഥാപ്രസംഗം എന്നിവ രണ്ടു ദിവസങ്ങളിലായി നടക്കും. ഇന്ന് നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, ചരിത്രകാരന്‍ പി. ഹരീന്ദ്രനാഥ് തുടങ്ങി മത, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."