കൂട്ടയോട്ടത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ കൊള്ള
ആലപ്പുഴ: കൂട്ടയോട്ടങ്ങളുടെ പേരില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിലും കായിക ഡയറക്ടറേറ്റിലും നടക്കുന്നത് ലക്ഷങ്ങളുടെ കൊള്ള. ഒളിംപിക് ദിനാഘോഷം ഉള്‍പ്പടെയുള്ള പേരിലാണ് സ്ഥിരം സംഘാടകരായ താപ്പാനകള്‍ ലക്ഷങ്ങള്‍ തട്ടുന്നത്. ട്രാക്ക് സ്യൂട്ടുകളും ടീ ഷര്‍ട്ടുകളുമാണ് പണം കൊള്ളയടിക്കുന്നതിനുള്ള ഇവരുടെ ഉപാധികള്‍. തിരുവനന്തപുരം സ്വദേശിയുടെ നേതൃത്വത്തിലാണ് വര്‍ഷങ്ങളായി തട്ടിപ്പ് തുടരുന്നത്. ഏതു സര്‍ക്കാര്‍ ഭരിച്ചാലും കായിക വകുപ്പ് കൈയാളുന്ന മന്ത്രിയുടെ ഉപദേശകനായി രംഗ പ്രവേശം ചെയ്യുന്ന ഇയാളെ തൊടാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭയമാണ്.
സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് നിറം മാറുന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ സ്ഥിരക്കാരായ ചിലരാണ് കൂട്ടയോട്ടങ്ങള്‍ സംഘടിപ്പിക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നു പണം തട്ടുന്നതിനുള്ള മാര്‍ഗങ്ങളില്‍ ഒന്നു മാത്രമാണ് കൂട്ടയോട്ടം. വകുപ്പ് ഭരിക്കാന്‍ എത്തുന്ന മന്ത്രിയെ പങ്കെടുപ്പിച്ച് ആദ്യം തലസ്ഥാനത്ത് കൂട്ടയോട്ടം സംഘടിപ്പിക്കും. കായിക രംഗത്തെ കുറിച്ച് ഒന്നുമറിയാതെ ഭരിക്കാനെത്തുന്ന മന്ത്രിയുടെ ഉപദേശക സംഘത്തില്‍ കയറാനാണ് ഇത്തരം കൂട്ടയോട്ടങ്ങള്‍. കായിക മന്ത്രിയുടെ അടുത്ത ആളായി മാറുന്നതോടെ ഇവരാണ് പിന്നീട് സ്‌പോര്‍ട്‌സ് കൗണ്‍സിലിനുള്ളില്‍ ഭരണം നിയന്ത്രിക്കുന്നത്. കൂട്ടയോട്ടങ്ങളുടെ സംഘാടനത്തിലൂടെ രണ്ട് ലക്ഷ്യങ്ങളാണ് ഇക്കൂട്ടര്‍ നേടുന്നത്. മന്ത്രിയുടെ ഉപദേശകനാവുക, പരിപാടിക്ക് ട്രാക്ക് സ്യൂട്ടും ടീ ഷര്‍ട്ടുകളും വാങ്ങിയ വകയില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുക. കൂട്ടയോട്ടങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്ന മന്ത്രിമാര്‍ ഉള്‍പ്പടെ വിശിഷ്ടാഥിതികള്‍ക്ക് ട്രാക്ക് സ്യൂട്ട് സമ്മാനമായി നല്‍കും.
മുന്‍നിരയില്‍ ഓടുന്നവര്‍ക്കു ട്രാക്ക് സ്യൂട്ടും ടീ ഷര്‍ട്ടും കുറച്ചു പേര്‍ക്ക് ടീ ഷര്‍ട്ട് മാത്രവും നല്‍കും. വര്‍ണാഭമായി തന്നെ പരിപാടി നടത്തും. മാസങ്ങള്‍ കഴിയുമ്പോള്‍ പതിനായിരത്തിലേറെ പേര്‍ക്ക് ടീ ഷര്‍ട്ടും ട്രാക്ക് സ്യൂട്ടും നല്‍കിയെന്ന വ്യാജ ബില്ലുമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സ്‌പോര്‍ട്‌സ് ഡയറക്്ടറേറ്റ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയെ സമീപിക്കുകയാണ് പതിവ്. ഇനി ബില്‍ പാസാക്കുന്നതില്‍ ആരെങ്കിലും ഉടക്കിട്ടാല്‍ അപേക്ഷയില്‍ മന്ത്രിയുടെ ശുപാര്‍ശ എഴുതിച്ച് തുക വാങ്ങിയെടുക്കും. താന്‍ പങ്കെടുത്ത പരിപാടിയുടെ ബില്ലായതിനാല്‍ തട്ടിപ്പ് നടന്നതറിയാതെ മന്ത്രിയും കണ്ണടച്ച് ഒപ്പിട്ടു കൊടുക്കും. വര്‍ഷങ്ങളായി ഇത്തരത്തിലാണ് തട്ടിപ്പ് നടക്കുന്നത്.
ടീ ഷര്‍ട്ടിനും ട്രാക്ക് സ്യൂട്ടിനുമായി 200 മുതല്‍ 600 രൂപ വരെയാണ് ഈടാക്കുന്നത്. ഈ വിലക്ക് കൂട്ടയോട്ടത്തില്‍ പങ്കാളിയായ ആയിരകണക്കിന് പേര്‍ക്ക് ഇവ വിതരണം ചെയ്‌തെന്നാണ് അവകാശപ്പെടുന്നത്. ഒളിംപിക് ദിനാഘോഷം സംഘടിപ്പിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒളിംപിക് അസോസിയേഷന് പണം നല്‍കുകയാണ് പതിവ്. തിരുവനന്തപുരം സ്വദേശിയായ ഒളിംപിക് അസോസിയേഷന്‍ ഭാരവാഹിയാണ് തട്ടിപ്പിന്റെ പ്രധാന സൂത്രധാരനെന്നാണ് ആരോപണം. സര്‍ക്കാരിനെ സ്വാധീനിച്ച് മുന്‍പ് ഇയാള്‍ നേടിയെടുത്ത കടലാസില്‍ മാത്രമുള്ള സ്‌പോര്‍ട്‌സ് വസ്ത്ര നിര്‍മാണശാലയുടെ മറവിലാണ് തട്ടിപ്പ്. കായിക മേഖലയുമായി ബന്ധപ്പെട്ട ഓര്‍ഡറുകള്‍ സര്‍ക്കാരില്‍ നിന്നു വാങ്ങി വസ്ത്രങ്ങള്‍ തമിഴ്‌നാട്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നു എത്തിക്കുകയാണ് പതിവ്.
കൂടിയ വില രേഖപ്പെടുത്തിയ ബില്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ചു ഓരോ ഇടപാടിലും ലക്ഷങ്ങളാണ് തട്ടുന്നത്. സ്‌പോര്‍ട്‌സിനെ ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ എങ്ങനെ പണം സമ്പാദിക്കാമെന്ന് ഗവേഷണം നടത്തുന്ന ഇത്തരക്കാര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കുമ്പോള്‍ ഭരണസമിതിയില്‍ കയറിക്കൂടാനുള്ള നീക്കവും ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."