ആദിവാസി കോളനിയോട് അവഗണന
നടവയല്‍: പൂതാടി പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡിലുള്ള ചീങ്ങോട് ഓടച്ചോല പണിയ കോളനി ദുരുതങ്ങള്ക്ക് നടുവില്‍.
വാസയോഗ്യമായ വീടും സഞ്ചാരയോഗ്യമായ വഴിയും ഇല്ലാതെ കഷ്ടപ്പെടുകയാണ് കോളനിവാസികള്‍. ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചതും ദുരിതം വര്‍ധിപ്പിക്കുകയാണ്. സന്തോഷ്-അംബിക,മണി-ലത,അയ്യപ്പന്- ലീലാമണി, വെള്ളി-മൂക്കി, ബെന്നി-തങ്കമ്മ, സുബ്രഹ്മണ്യന്-ശാന്ത, അഭിലാഷ്-സിന്ധു ദമ്പതികളും കുടുംബാംഗങ്ങളുമാണ് കോളനിയിലുള്ളത്.
ഒരു കുടുംബത്തിനും വാസയോഗ്യമായ വീടില്ല.
നിലംപതിക്കാറായ മൂന്നു വീടുകളിലാണ് ഇത്രയും കുടുംബങ്ങള്‍ കഴിയുന്നത്. മൂന്നു വീടുകളിലായി പിഞ്ചു കുട്ടികളടക്കം 27 പേരാണ് താമസിക്കുന്നത്. ഈ ദൈന്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികാരകേന്ദ്രങ്ങള്‍ക്കു കുലുക്കമില്ല. നാലു വര്‍ഷം മുമ്പ് കോളനിയില്‍ അനുവദിച്ച വീടുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനു നടപടി ഉണ്ടാകുന്നില്ല. തറയില്‍ ഒതുങ്ങിയിരിക്കയാണ് എല്ലാ വീടുകളുടെയും നിര്‍മാണം.
സ്വകാര്യ വ്യക്തികളുടെ കൈവശത്തിലാണ് കോളനിക്ക് ചുറ്റുമുള്ള സ്ഥലം. അതിനാല്‍ കോളനിക്കു പുറത്തേക്കും തിരിച്ചുമുള്ള യാത്ര സ്വകാര്യവ്യക്തികളുടെ ഔദാര്യത്തിലാണ്. ചിങ്ങോട് ജങ്ഷനില്‍നിന്നു കോളനി പരിസരത്തേക്ക് റോഡുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."