തോറ്റവരുടെ അങ്കം നാളെ
സാന്റ ക്ലാര: കോപ്പ അമേരിക്കയില്‍ മൂന്നാം സ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ നാളെ അമേരിക്കയും കൊളംബിയയും ഏറ്റുമുട്ടും. ആദ്യ പാദത്തില്‍ കൊളംബിയയോട് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റതിന്റെ കണക്കുതീര്‍ക്കാന്‍ കൂടിയാണ് അമേരിക്ക കളത്തിലിറങ്ങുന്നത്.
ഇരു ടീമുകളിലെയും പ്രമുഖ താരങ്ങള്‍ക്ക് വിശ്രമമനുവദിക്കുമോയെന്ന് പരീശീലകര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ മത്സരത്തെ ഗൗരവമായിട്ടാണ് കാണുന്നതെന്ന് അമേരിക്കന്‍ കോച്ച് യുര്‍ഗെന്‍ ക്ലിന്‍സ്മാന്‍ പറഞ്ഞു. മുന്‍ നിര താരങ്ങളായ ക്ലിന്‍ഡ് ഡെംപ്‌സി, ഡീആന്‍ഡ്രെ യെഡ്‌ലിന്‍, സാര്‍ഡസ് എന്നിവര്‍ കളിച്ചേക്കും. അര്‍ജന്റീനയ്‌ക്കെതിരേ സെമി ഫൈനലില്‍ തോറ്റത് നിരാശാജനകമാണെന്നാണ് അമേരിക്കയുടെ പക്ഷം. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ടീം തീര്‍ത്തും നിറം മങ്ങി പോയെന്നു ഗോളി ബ്രാഡ് ഗുസാന്‍ പറഞ്ഞു. എന്നാല്‍ ഈ ടൂര്‍ണമെന്റ് ടീമിന് ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്നതാണ്. സെമിയിലെത്തി എന്നത് നേട്ടമായി കാണുന്നു. ഡെംപ്‌സിയുടെ ഉജ്ജ്വല പ്രകടനമാണ് ടീമിനെ മുന്നോട്ടു നയിച്ചത്. സാര്‍ഡസും മികച്ചു നിന്നു. വിജയത്തോടെ ടൂര്‍ണമെന്റില്‍ നിന്ന് വിടവാങ്ങാനാണ് ടീം ആഗ്രഹിക്കുന്നത്. കൊളംബിയക്കെതിരേ ടീം മികച്ച പ്രകടനം കാഴ്ച്ചവയ്ക്കും ഗുസാന്‍ കൂട്ടിച്ചേര്‍ത്തു.
എതിരില്ലാത്ത നാലു ഗോളിനാണ് അമേരിക്ക അര്‍ജന്റീനയോട് തോറ്റത്. 2009ലെ ഗോള്‍ഡ് കപ്പ് ഫൈനലില്‍ മെക്‌സിക്കോയോട് എതിരില്ലാത്ത അഞ്ചു ഗോളിന് തോറ്റ ശേഷമുള്ള അമേരിക്കയുടെ വമ്പന്‍ തോല്‍വി കൂടിയാണിത്. അതേസമയം ടീമിനു സ്വതസിദ്ധമായ ശൈലിയില്‍ അര്‍ജന്റീയ്‌ക്കെതിരേ കളിക്കാനായില്ലെന്ന് കോച്ച് വ്യക്തമാക്കി. ആ പോരായ്മ കൊളംബിയക്കെതിരേ പരിഹരിക്കും. ജെര്‍മെയ്ന്‍ ജോണ്‍സ് ടീമിലേക്ക് മടങ്ങിയെത്തുന്നതോടെ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ ടീമിനാവും. ബോബി വുഡും ആദ്യ ഇലവനില്‍ കളിക്കുമെന്ന് കോച്ച് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസിലൂടെ അനായാസ ജയം തേടിയാണ് കൊളംബിയ ഇറങ്ങുന്നത്. ക്വഡ്രാഡോ, ജേസന്‍ മുറില്ലോ, എഡ്വിന്‍ കാര്‍ഡോണ, അഗ്വിലാര്‍, റോബിന്‍സന്‍ സാപറ്റ എന്നിവര്‍ ഫോമിലാണ്. ചിലിക്കെതിരേ രണ്ടാം പകുതിയില്‍ മാത്രമാണ് കൊളംബിയക്ക് ഉണര്‍ന്നു കളിക്കാനായത്.
ആദ്യ പകുതിയില്‍ താളം കണ്ടെത്താന്‍ ടീം നന്നേ ബുദ്ധിമുട്ടിയതാണ് അവരെ തോല്‍വിയിലേക്ക് നയിച്ചത്. ആദ്യ 11 മിനുട്ടിനുള്ളിലാണ് ചിലി മത്സരത്തിലെ രണ്ടു ഗോളുകളും നേടിയത്. പ്രതിരോധ പിഴവുകളും കൊളംബിയക്ക് തിരിച്ചടിയായി. അമേരിക്കയ്‌ക്കെതിരേ വമ്പന്‍ ജയം നേടി തോല്‍വിയുടെ മുറിവ് ഉണക്കാനാണ് കൊളംബിയ കളത്തിലിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."