കൃഷിഭൂമിയില്‍ വെള്ളക്കെട്ട്: കര്‍ഷകര്‍ ദുരിതത്തില്‍
മാള: ആലമറ്റത്ത് വെള്ളക്കെട്ടില്‍ വ്യാപക കൃഷിനാശം. ആലമറ്റം വാഴപ്പിള്ളി ഇട്ടൂപ്പിന്റെയും സഹോദരങ്ങളുടെയും നേതൃത്വത്തില്‍ രണ്ടു ഏക്കറോളം ഭൂമിയില്‍ ചെയ്ത കപ്പകൃഷിയും 850 കുലച്ച വാഴയുമാണു ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളകെട്ടില്‍ നശിച്ചത്. അടുത്തമാസം വിളവെടുക്കേണ്ട കപ്പയാണ് വെള്ളകെട്ടിനെ തുടര്‍ന്നു നേരത്തെ വിളവെടുപ്പു വേണ്ടി വന്നത്.
ഏതാനും ദിവസങ്ങളായി പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് വാഴയും കപ്പയും വെള്ളത്തില്‍ മുങ്ങിയത്. കപ്പക്കു മാത്രം ഒന്നര ലക്ഷം രൂപയാണ് ചെലവഴിച്ചത്. കൂടാതെ ഇട്ടൂപ്പിന്റെയും സഹോദരങ്ങളായ ജോണ്സന്, പോളി എന്നിവരുടെയും അധ്വാനവും നഷ്ടക്കണക്കിലായി.
മൂന്നു ലക്ഷം രൂപ വരുമാനം പ്രതീക്ഷിച്ചിരുന്ന കപ്പകൃഷി നേരത്തെ വിളവെടുക്കേണ്ടി വന്നതിനാല്‍ വലിയ തുക നഷ്ടമായി. വളര്‍ച്ചയെത്താത്തതിനാല്‍ തൂക്കം കുറയുന്നതാണ് നഷ്ടത്തിന്റെ കാരണം. 25,000 പിലോപ്പി മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിച്ചിരുന്നതില്‍ പലതും കുളത്തിലെ വെള്ളം ഉയര്‍ന്നു കവിഞ്ഞതോടെ ഒഴുകിപ്പോയി. ഏകദേശം അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
ശക്തമായ മഴ പെയ്തതോടെ ചാലക്കുടി പുഴയിലെ വെള്ളം ഉയര്‍ന്നിട്ടുണ്ട്. ഇതാണു ഇവരുടെ കൃഷിയിടത്തിലെയടക്കം വെള്ളം ഒഴിഞ്ഞു പോകാതിരുന്നതും കനത്ത നഷ്ടം നേരിടേണ്ടി വന്നതും.
ചാലക്കുടി പുഴയില്‍ വെള്ളം ഏറിയാലും കണക്കന്‍കടവിലെ ഷട്ടര്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ തുറന്നു വെള്ളം ഒഴുക്കിവിടാനാകില്ല. ഷട്ടര്‍ തകരാറിലായതിനാല്‍ മണല്‍ബണ്ട് കെട്ടിയിരിക്കുകയാണ്. കാലവര്‍ഷം കനത്തു തുടങ്ങുമ്പോള്‍ മാത്രമാണ് ഈ ബണ്ട് പൊട്ടിക്കുക. ഇനിയും ശക്തമായ മഴയുണ്ടായാല്‍ കൂടുതല്‍ കൃഷിയിടങ്ങളിലെ വിവിധ കൃഷികള്‍ നശിക്കുന്ന സാഹചര്യമാണു നിലനില്‍ക്കുന്നത്. കൃഷി നശിച്ച കര്‍ഷകര്‍ക്കു അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയാലേ കൃഷി ഇനിയും നിലനില്ക്കുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."