ഇടപ്പള്ളിയില്‍ അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുമെന്ന് മന്ത്രി
കൊച്ചി: മധ്യകേരളത്തെ പ്രധാന കാര്‍ഷിക ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇടപ്പള്ളിയില്‍ അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുമെന്ന് മന്ത്രി സുനില്‍ കുമാര്‍. സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളില്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളും മൂല്യവര്‍ധിത ഉല്പന്നങ്ങളും ഒരു കുടക്കീഴില് അണിനിരത്തിയായിരിക്കും അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു. ഇടപ്പള്ളിയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച നാളികേര വികസന കോര്‍പറേഷന്റെ അഗ്രോ ബസാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട എല്ലാ ഉല്പന്നങ്ങളും നടീല്‍ വസ്തുക്കളും ജൈവവളങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന ആധുനിക രീതിയിലുള്ള വിപുലമായ സംവിധാനമായിരിക്കും അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റ്. ഇതിന്റെ രൂപരേഖ തയാറായിക്കൊണ്ടിരിക്കുകയാണ്. അടുത്ത ബജറ്റില്‍ ഇതിനാവശ്യമായ തുക അനുവദിക്കുമെന്നും നിലവിലുള്ള തുക കൊണ്ട് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ പി.ടി തോമസ് എം.എല്‍.എ, മുന്‍ എം.എല്‍.എ പി. രാജു, നാളികേര വികസന കോര്പറേഷന് എം.ഡി.എം സുബ്രഹ്മണ്യം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."