വിവരാവകാശ കമ്മിഷണര്‍മാരെ കാത്ത് കെട്ടിക്കിടക്കുന്നത് പതിനായിരത്തിലേറെ പരാതികള്‍
തിരുവനന്തപുരം: മുഖ്യ വിവരാവകാശ കമ്മിഷണര്‍ മാത്രമുണ്ടായിരുന്ന സംസ്ഥാന വിവരാവകാശ കമ്മിഷനിലേക്ക് പുതുതായി നാല് കമ്മിഷണര്‍മാര്‍കൂടി എത്തുമ്പോള്‍ അവരെ കാത്തിരിക്കുന്നത് പതിനായിരത്തിലേറെ പരാതികള്‍. ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം അപ്പീല്‍ ലഭിച്ച 10,722 പരാതികളും നേരിട്ടു ലഭിച്ച 4,268 പരാതികളും ഉള്‍പ്പെടെ 14,990 പരാതികളാണ് സംസ്ഥാന വിവരാവകാശ കമ്മിഷനില്‍ കെട്ടിക്കിടക്കുന്നത്.
2006 മുതല്‍ 2012 വരെയുള്ള വര്‍ഷങ്ങളില്‍ വിവരാവകാശ കമ്മിഷന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് കൃത്യമായി നടന്നു. ഈ കാലയളവില്‍ ലഭിച്ച പരാതികള്‍ നൂറുശതമാനത്തിനും പരിഹാരം കണ്ടിരുന്നു. പിന്നീടാണ് താളം തെറ്റിത്തുടങ്ങിയത്. 2013ല്‍ 2793 അപ്പീലുകള്‍ ലഭിച്ചതില്‍ 1337 എണ്ണത്തിനു മാത്രമാണ് തീര്‍പ്പുകല്‍പ്പിക്കാന്‍ സംസ്ഥാന വിവരാവകാശ കമ്മിഷന് കഴിഞ്ഞത്. അന്ന് നേരിട്ടു ലഭിച്ച 1450 പരാതിയില്‍ 1218 എണ്ണത്തിനു മാത്രമേ പരിഹാരം കാണാനായുള്ളു. അന്നുമുതല്‍ പരാതികള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങിയതാണ്.
2013ല്‍ 1688, 14ല്‍ 3106, 15ല്‍ 2636, 16ല്‍ 2398 എന്നിങ്ങനെ പരിഹാരം കാണാതെ പരാതികള്‍ വിവരാവകാശ കമ്മിഷനില്‍ കുന്നുകൂടി. മുഖ്യ വിവരാവകാശ കമ്മിഷണര്‍ മാത്രമുണ്ടായിരുന്ന 2016- 2018 കാലയളവില്‍ 2017ല്‍ ആണ് ഏറ്റവും കൂടുതല്‍ പരാതികള്‍ പരിഹരിക്കപ്പെടാതെ കെട്ടിക്കിടന്നത്. 3594 പരാതികള്‍ കഴിഞ്ഞ വര്‍ഷത്തേതായി കമ്മിഷനില്‍ ഉണ്ട്. ഈ വര്‍ഷം മാര്‍ച്ച് വരെ ലഭിച്ച 763 അപ്പീലുകളില്‍ രണ്ടെണ്ണത്തിനും നേരിട്ട് ലഭിച്ച 271 പരാതികളില്‍ ഒന്നിനും മാത്രമാണ് വിവരാവകാശ കമ്മിഷന്‍ പരിഹാരം കണ്ടത്. പക്ഷേ പരാതികള്‍ കുന്നുകൂടുന്നത് വിവരാവകാശ കമ്മിഷണര്‍മാരുടെ കുറവുകൊണ്ട് മാത്രമല്ല എന്നതാണ് കണക്കുകളില്‍നിന്നു തെളിയുന്ന വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."