ഖത്തറില്‍ പുതിയ വാഹനങ്ങളില്‍ ഇന്ധന ക്ഷമതാ ലേബലുകള്‍ നിര്‍ബന്ധം
ദോഹ: പുതിയ വാഹനങ്ങളില്‍ ഇന്ധന ക്ഷമതാ ലേബലുകള്‍ നിര്‍ബന്ധമാക്കിയതായി സാമ്പത്തിക വാണിജ്യ മന്ത്രാലയം അറിയിച്ചു. വാഹനങ്ങളുടെ ഇന്ധന കാര്യക്ഷമതയെക്കുറിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.
2017 മോഡല്‍ വാഹനങ്ങളില്‍ നിര്‍ബന്ധമായും ഇന്ധന ക്ഷമത ലേബലുകള്‍ പതിപ്പിക്കണമെന്ന് ഖത്തറിലെ എല്ലാ വാഹന ഏജന്റുമാരോടും ഡീലര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ വാഹനങ്ങളില്‍ ഇന്ധന കാര്യക്ഷമത ലേബലുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. നിയമലംഘനം തടയാന്‍ പരിശോധനകള്‍ കര്‍ശനമാക്കും. എല്ലാവരും നിര്‍ദേശം പാലിക്കാന്‍ സന്നദ്ധരാകണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിനായി നിരവധി നടപടികളാണ് മന്ത്രാലയം സ്വീകരിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് വാഹനങ്ങളില്‍ ഇന്ധനക്ഷമതാ ലേബലുകള്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം. ഇത് നടപ്പാക്കുന്നതിലൂടെ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ മികച്ച ഇന്ധന ക്ഷമതയുള്ള വാഹനം തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും.
ഇന്ധനക്ഷമത അളവുകോല്‍ അടിസ്ഥാനമാക്കി വാഹനങ്ങളുടെ ഇന്ധന കാര്യക്ഷമത ലേബലുകളിലൂടെ നിര്‍ണയിക്കാന്‍ കഴിയും. ഇന്ധന കാര്യക്ഷമതയെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിലൂടെ ഏത് വാഹനം വാങ്ങണമെന്നും എങ്ങിനെയാണ് ഇന്ധന ഉപയോഗം കുറക്കേണ്ടതെന്നും മനസിലാക്കാന്‍ ഉപഭോക്താവിന് കഴിയും.
ഒരു ലിറ്റര്‍ ഇന്ധനത്തില്‍ എത്ര കിലോമീറ്റര്‍ സഞ്ചരിക്കുമെന്നത് കണക്കാക്കി ക്ഷമത നിര്‍ണയിക്കാം. ഇന്ധനവില കുറവായതിനാല്‍ പലരും ഇന്ധന കാര്യക്ഷമതയെക്കുറിച്ച് ബോധവാന്‍മാരല്ലാത്ത സ്ഥിതിയുണ്ട്. അമിതോപയോഗത്തിലേക്കും ദുര്‍വ്യയത്തിലേക്കുമാണ് ഇത് നയിക്കുന്നത്. എന്നാല്‍ വാഹനങ്ങളില്‍ ലേബല്‍ പതിപ്പിക്കുന്നതിലൂടെ ഇന്ധന കാര്യക്ഷമതയെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകുകയും ഉയര്‍ന്ന ഇന്ധന കാര്യക്ഷമത നല്‍കുന്ന ചെറിയ കാറുകളെക്കുറിച്ച് കൂടുതല്‍ അറിയാനും കഴിയും.
നിര്‍മാതാക്കളെ സംബന്ധിച്ചിടത്തോളം ഉന്നത ഇന്ധന കാര്യക്ഷമതയിലുള്ള പുതിയ മോഡലുകള്‍ അവതരിപ്പിക്കാനും സാധിക്കും. നിര്‍മാതാവിനെക്കുറിച്ചുള്ള വിവരം, മോഡല്‍ വര്‍ഷം നിര്‍മാണ വര്‍ഷം എന്‍ജിന്‍ ശേഷി, വാഹന വിഭാഗം, ഏറ്റവും മികച്ചത് മുതല്‍ കുറവ് വരെയുള്ള ഇന്ധനക്ഷമത റേറ്റിങ്, ഇന്ധനക്ഷമത സൂചിക, ഇന്ധന ഇനം എന്നിവയെല്ലാം ലേബലിലുണ്ടാകും.രാജ്യത്തെ എല്ലാ വാഹന ഏജന്റുമാരും ഡീലര്‍മാരും നിര്‍ബന്ധമായും പുതിയ വാഹനങ്ങളില്‍ ലേബലുകള്‍ പതിപ്പിക്കണം. വാഹനം വില്‍ക്കുന്നതിന് മുമ്പ് സ്റ്റിക്കറുകള്‍ നീക്കംചെയ്യുന്ന രീതി ഒഴിവാക്കണം. ജിസിസി സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഓര്‍ഗനൈസേഷന്‍ പൊതു വ്യവസ്ഥകള്‍ പ്രകാരമുള്ള ഇന്ധന കാര്യക്ഷമതയെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് വിശദീകരണം നല്‍കിയിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."