പൊലിസ് വീഴ്ചക്കെതിരേ മുന്നണിയിലും അമര്‍ഷം ശക്തം
കൊല്ലം: നീതി ഉറപ്പാക്കുന്നതില്‍ റൂറല്‍ പൊലിസ് സംവിധാനം ഗുരുതര വീഴ്ച വരുത്തുന്നതായി ആക്ഷേപം ശക്തമായി. വിവിധ പൊലിസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടിട്ടുണ്ടായിട്ടുള്ള പൊലിസ് നടപടികള്‍ പ്രധാന ഭരണകക്ഷിയായ സി.പി.എം,സി.പി.ഐ കക്ഷികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു തുടങ്ങി. അണികളുടെ ചോദ്യത്തിനു മുമ്പില്‍ നേതാക്കള്‍ മുഖം കുനിക്കേണ്ട സ്ഥിതിയാണിപ്പോള്‍. കുണ്ടറയില്‍ പത്തു വയസുകാരിയുടെ ദുരൂഹ മരണത്തില്‍ പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവ് ഇപ്പോള്‍ സി.പി.എമ്മിന് തന്നെ തലവേദനയായിരിക്കുന്നത്.
സ്വന്തം പാര്‍ട്ടി ഭരിക്കുമ്പോള്‍ തന്നെ പൊലിസിനെതിരേ സമരം നടത്തേണ്ടുന്ന ഗതികേടിലാണ് അണികളും നേതാക്കളും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി പ്രഖ്യപിച്ച് മുഖം രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അണികളുടെ പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. സമാന സംഭവങ്ങള്‍ മറ്റ് പൊലിസ് സ്റ്റേഷനുകളിലും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. പാര്‍ട്ടിയുടെ ബഹുജന സംഘടനകളും മഹിളാ സംഘടനയും മറ്റും ഉന്നതങ്ങളില്‍ പരാതികള്‍ നല്‍കാനുള്ള നീക്കത്തിലാണ്. പുത്തൂര്‍, കുണ്ടറ, എഴുകോണ്‍, പൂയപ്പള്ളി, ശാസ്താംകോട്ട, കുന്നിക്കോട്, ശൂരനാട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതികള്‍ ഉയരുന്നത്.
ഉത്സവകാലമായതിനാല്‍ മിക്ക നാട്ടിന്‍പുറങ്ങളിലും സംഘര്‍ഷങ്ങള്‍ പതിവാണ്. ഈ സംഘര്‍ഷങ്ങള്‍ എല്ലാം അമര്‍ച്ച ചെയ്യാന്‍ പൊലിസിനു കഴിയുന്നില്ല. പല സ്റ്റേഷനുകളിലേയും എസ്.ഐമാര്‍ സംഘപരിവാര്‍ സംഘടനകളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചു വരുന്നതായി സി.പി.എം ആരോപിക്കുന്നു. കുളക്കടയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തേയും പിതാവിനേയും മര്‍ദിക്കുകയും കട അടിച്ചു തകര്‍ക്കുകയും ചെയ്തിട്ട് പുത്തൂര്‍ പൊലിസ് അക്രമികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതായി സി.പി.എം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഈ സ്റ്റേഷന്‍ പരിതിയില്‍ തന്നെ സി.പി. എം ന്റെ ഒരു വനിതാ പഞ്ചായത്തംഗത്തെ വഴിയില്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞ സംഭവത്തിലും പ്രതിക്ക് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിച്ചിരുന്നതെന്നാക്ഷേപമുണ്ട്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇവരിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."