എടമുട്ടത്ത് വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ പ്രതികളുടെ മറ്റു മോഷണങ്ങളും തെളിഞ്ഞു
തൃപ്രയാര്‍ : എടമുട്ടത്ത് വീട് കുത്തിത്തുറന്നു കവര്‍ച്ച നടത്തിയ പ്രതികള്‍ നടത്തിയ മറ്റു മോഷണങ്ങളും തെളിഞ്ഞു. പീച്ചിയില്‍ ഡോക്ടറുടെ വീട്ടില്‍നിന്നു ലാപ്‌ടോപ്പ് കവര്‍ന്നതു എടമുട്ടം കേസില്‍ പിടിയിലായ റാഷിദും അനീഷ് ബാബുവുമാണെന്നു വ്യക്തമായി. പീച്ചിയില്‍ത്തന്നെ ജൂബിലി ആസ്പത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ ദമ്പതിമാരുടെ വീട്ടില്‍ നിന്നു തൃശൂര്‍ പൂരം ദിവസം 32 പവന്‍ സ്വര്‍ണം കവര്‍ന്നതും ഇവരാണെന്നതിന്റെ സൂചനയും ലഭിച്ചതായി പൊലിസ് പറഞ്ഞു. എടമുട്ടത്ത് വീട്ടില്‍ നിന്നു കവര്‍ന്ന ലാപ്‌ടോപ്പ്, ഡിജിറ്റല്‍ ആല്‍ബം, ഐ പാഡ്, അരലക്ഷം രൂപ വിലമതിക്കുന്ന വാച്ചുകള്‍ ഉള്‍പ്പെടെയുള്ളവ വലപ്പാട് പൊലിസ് കണ്ടെടുത്തു.
മീനാക്ഷിപുരത്ത് റാഷിദും കവര്‍ച്ചയിലെ ഇയാളുടെ കൂട്ടുപ്രതിയായ ഭാര്യ രശ്മിയും താമസിച്ചിരുന്ന വീട്ടില്‍ നിന്നു പൊലിസ് മുക്കുപണ്ടങ്ങളുടെ വന്‍ ശേഖരം കണ്ടെടുത്തു. പീച്ചിയില്‍ ഡോക്ടറുടെ വീട്ടില്‍ നിന്നു കളവുപോയ മാലയുള്‍പ്പെടെയുള്ളവ ഇതിലുണ്ടായിരുന്നു. എടമുട്ടം കവര്‍ച്ചയുടെ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ കോയമ്പത്തൂരിലെത്തിച്ചു മോഷണമുതല്‍ കണ്ടെടുക്കുന്നതിനിടയിലാണു പീച്ചിയിലെ ഡോക്ടറുടെ വീട്ടില്‍നിന്നു കളവുപോയ ലാപ്‌ടോപ്പു കിട്ടിയത്. തുടര്‍ന്നു ചോദ്യം ചെയ്തപ്പോഴാണു തങ്ങളാണു കവര്‍ച്ച നടത്തിയതെന്നു റാഷിദും അനീഷ് ബാബുവും സമ്മതിച്ചതെന്നു എസ്.ഐ ഇ.ആര്‍ ബൈജു പറഞ്ഞു.
വീടിന്റെ പിന്‍വശത്തെ വാതില്‍ തകര്‍ത്താണു ഡോക്ടറുടെ വീട്ടില്‍ കയറിയത്. തീവണ്ടികളില്‍ നിന്നും വീടുകളില്‍ നിന്നും സ്വര്‍ണമാണെന്നു കരുതി കവര്‍ന്ന ആഭരണങ്ങള്‍ മുക്കുപണ്ടമായതിനാല്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവത്രേ. എടമുട്ടത്തെ വീട് കവര്‍ച്ച ചെയ്യുന്നതിനു വീട്ടിലേക്കുള്ള വഴി വരച്ച ഡയറിയും വീട്ടിലുണ്ടായി. രശ്മിയാണു സ്‌കെച്ചു വരച്ചതെന്നു പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."