ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ പൊലിസ് വിവരങ്ങള്‍ ശേഖരിക്കുന്നു
ഒലവക്കോട് - കൊടുവായൂര്‍: ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് പൊലിസ് വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. ഇത്തരക്കാരെ ജോലിക്കു നിയമിക്കുന്നവര്‍ അവരുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് പൊലിസ് അറിയിച്ചു.
ജില്ലയില്‍ തന്നെ ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികള്‍ അധിവസിക്കുന്ന മണ്ണാര്‍ക്കാട്, കഞ്ചിക്കോട് മേഖലയില്‍ ലഹരി വില്‍പ്പനയും വ്യാപകമാണ്. പെട്ടിക്കടകള്‍ കേന്ദ്രീകരിച്ച് മുറുക്കാന്‍ കച്ചവടം നടത്തുന്നവരാണ് ലഹരിമുറുക്കാന്‍ കൊണ്ടുവന്ന് വില്പന നടത്തുന്നത്. എക്‌സൈസ് വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും കണ്ണുവെട്ടിച്ചാണ് കച്ചവടം തകൃതിയായി നടത്തുന്നത്.
ബംഗാള്‍, ബീഹാര്‍, ഒറീസ, ആന്ധ്രപ്രദേശ്, ഉത്തര്‍ പ്രദേശ്, അസം എന്നിവിടങ്ങളിലുള്ളവരാണ് ജോലിതേടിയെത്തി മുറികള്‍ വാടകക്കെടുത്ത് മിക്കയിടങ്ങളിലും താമസിക്കുന്നത്. കോണ്‍ക്രീറ്റ് പണിയുള്‍പ്പെടെ മറ്റ് പല ജോലികളും ചെയ്താണ് ജീവിച്ചുപോകുന്നു. എന്നാല്‍ ജില്ലയിലുള്ള പല ക്യാമ്പുകളിലും മദ്യവും, മയക്കുമരുന്നും, പുകയില ഉത്പന്നങ്ങളും, പാന്‍ മുറുക്കലും സജീവമായി നടക്കുന്നുണ്ട്. സാധാരണ പുകയിലയെക്കാളും അമിത ലഹരികൂടിയ പുകയില ചേര്‍ത്ത മുറുക്കാണ് ഇവര്‍ ഉപയോഗിക്കുന്നത്.
ഇതിന്റെ അമിതോപയോഗം കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണയാകുന്നു. ജില്ലയില്‍ പുകയില ഉത്പന്നങ്ങള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും നാമമാത്രമെ റെയ്ഡുകള്‍ നടക്കുന്നുള്ളു.
ലഹരിമുറുക്കല്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഏജന്റുമാരും ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പ്രവശ്യം മുറുക്കുന്നതിന് 20 മുതല്‍ 30 രൂപ വരെ ഈടാക്കുന്നതായി അന്യസംസ്ഥാന തൊഴിലാളികള്‍ പറയുന്നു.
സമയം പോക്കിനുവേണ്ടിയാണ് ഇതു മുറുക്കുന്നതെന്നും എന്നാല്‍ പലരും ഇതിന് അടിമയായിട്ടുണ്ടെന്നും ഇതുമൂലം രോഗികളായി സ്വദേശത്തേക്ക് മടങ്ങിയവരുമുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവര്‍ പറയുന്നത്. അതിനാല്‍ ചികിത്സക്ക് ഭാരിച്ച ചിലവ് വരുന്നതിനാലാണ് ഇവിടം ഉപേക്ഷിച്ച് പോകുന്നത്. അമിതമായുള്ള മദ്യപാനവും ലഹരിമുറുക്കലും കൂടിയായല്‍ എന്തും പ്രവര്‍ത്തിക്കാന്‍ മനസ്സ് സജ്ജമായി തോന്നുമെന്നാണ് ചിലര്‍ പറയുന്നത്.
കേരളത്തില്‍ ജിഷയുടെ കൊലപാതകി അമീറുള്‍ ഇസ്ലാമടക്കം ഇത്തരം ലഹരി ഉത്പന്നങ്ങള്‍ ഉപയോഗിച്ചാണ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. ഇതിനെല്ലാം കാരണം അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള നിയന്ത്രണം സര്‍ക്കാര്‍ വേണ്ടുന്ന രീതിയില്‍ കൈകാര്യം ചെയ്യാത്തതാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ പൊലിസ് ശേഖരിക്കുകയോ, പ്രത്യേക നിയമം നടപ്പിലാക്കുകയോ ചെയ്താല്‍ ഇതിന് ശാശ്വത പരിഹാരമാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
എന്നാല്‍, ജില്ലയിലെ ചില ഭാഗങ്ങളില്‍ കണക്കെടുപ്പുകള്‍ തുടങ്ങിയെങ്കിലും ഇപ്പോഴും നടപടികള്‍ ഊര്‍ജിതമാക്കാത്ത പ്രദേശങ്ങളുണ്ട്.
കഞ്ചിക്കോട് മുതല്‍ ജില്ലയിലെ ചെറുകിട വ്യവസായകേന്ദ്രങ്ങള്‍, തടിമില്ലുകള്‍, ഹോട്ടലുകള്‍, ഇഷ്ടികക്കളങ്ങള്‍ എന്നിവിടങ്ങളിലായി ജോലിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കുകള്‍ ശേഖരിക്കേണ്ട പൊലിസാണ് ഇതുമായി ബന്ധപെട്ട് ഒരു നടപടിയും സ്വീകരിക്കാതിരിക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി കഞ്ചിക്കോട് മേഖലയിലെ വ്യവസായ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ റജിസ്റ്റര്‍ പരിശോധിച്ചതല്ലാതെ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ശേഖരിക്കുവാന്‍ സാധിച്ചിട്ടില്ല.
ജിഷ കൊലപാതകത്തിനുശേഷം ഇതര സംസ്ഥാന തൊഴിലളികള്‍ ഗ്രാമങ്ങളില്‍ തൊഴില്‍തേടിയെത്തുന്നതുതന്നെ ഭീതിയോടെയാണ് നാട്ടുകാര്‍ കാണുന്നത്.
ഉത്തരേന്ത്യയില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചവര്‍ വരെ ജില്ലയിലെ ഇഷ്ടികക്കളങ്ങളിലും വ്യവസായകേന്ദ്രങ്ങളിലും തൊഴിലെടുക്കുന്നത് വ്യാപകമായതിനാല്‍ ഇത്തരക്കാരുടെ പേരുവിവരങ്ങള്‍ ഫോട്ടോ സഹിതം സൂക്ഷിക്കുവാന്‍ നടപടിയെടുക്കണമെന്നും ഇഷ്ടികക്കളങ്ങളില്‍ തൊഴില്‍ ഇല്ലാതായിട്ടും താമസം തുടരുന്നവരുടെ വിവരങ്ങള്‍ പൊലിസ് ശേഖരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."