ജറുസലേമില്‍ യു.എസിന്റെ എംബസി തുറന്നു: അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കു നേരെ വെടിവയ്പ്പ്, 43 പേര്‍ കൊല്ലപ്പെട്ടു
ഗസ്സ/ജറുസലം: ഇസ്‌റാഈല്‍ അതിര്‍ത്തിയില്‍ ഫലസ്തീന്‍ ജനതയുടെ ജീവന്മരണ പോരാട്ടം. ജറുസലമില്‍ യു.എസ് എംബസി പ്രഖ്യാപന സമ്മേളനം നടക്കുന്നതിനിടെയാണ് പ്രക്ഷോഭം ശക്തമായത്. 'ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണി'ന്റെ ഭാഗമായി അതിര്‍ത്തിയിലേക്കു പ്രകടനം നടത്തിയ ഫലസ്തീനികള്‍ക്കു നേരെ ഇസ്‌റാഈല്‍ സൈന്യം വെടിവയ്പ്പും മറ്റ് ആയുധപ്രയോഗവും നടത്തി.
ഇതില്‍ 43 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 2000 ത്തില്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നൂറുകണക്കിനാളുകള്‍ ഫലസ്തീന്‍-ഇസ്‌റാഈല്‍ അതിര്‍ത്തിയില്‍ തടിച്ചുകൂടിയിരിക്കുകയാണിപ്പോള്‍.
തിങ്കളാഴ്ച രാവിലെ മുതല്‍ പ്രക്ഷോഭകാരികള്‍ അതിര്‍ത്തിയില്‍ എത്തിത്തുടങ്ങിയിരുന്നു. മതില്‍ കടന്ന് ഇസ്‌റാഈലിലെത്താനാണ് ശ്രമം.
1948 യുദ്ധാനന്തരം ആട്ടിപ്പുറത്താക്കപ്പെട്ടതിന്റെ ഓര്‍മ്മദിനത്തോടനുബന്ധിച്ചാണ് മാര്‍ച്ചും പ്രതിഷേധ പരിപാടിയും. മാര്‍ച്ച് 30 ന് ഭൂമിദിനത്തോടനുബന്ധിച്ച് തുടങ്ങിയ പ്രതിഷേധ പരിപാടി, ഓരോ വെള്ളിയാഴ്ചയും തുടര്‍ന്നിരുന്നു. ഇസ്‌റാഈല്‍ സ്ഥാപിതമായ 1948 മാര്‍ച്ച് 15 'മഹാദുരന്ത' ദിനമായാണ് ഫലസ്തീന്‍ ആചരിക്കുന്നത്.
തെല്‍അവീവില്‍ നിന്ന് യു.എസ് എംബസി ജറുസലേമിലേക്കു മാറ്റുന്ന ചടങ്ങ് നടക്കുന്നതിനിടെയാണ് അതിർത്തിയില്‍ പ്രക്ഷോഭം നടന്നത്. കഴിഞ്ഞ ഡിസംബറിലാണ് ജറുസലേമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയത്.
വെടിവയ്പ്പ്: ഈജിപ്തും ജോര്‍ദാനും അപലപിച്ചു
ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീന്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിവയ്പ്പു നടത്തിയ സംഭവത്തെ ഈജിപ്തും ജോര്‍ദാനും അപലപിച്ചു. പ്രതിരോധമില്ലാത്ത ഫലസ്തീന്‍ ജനതയ്ക്കു മേല്‍ അമിത സൈനിക പ്രയോഗം നടത്തിയെന്ന് ജോര്‍ദാന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
നിരായുധരായ ഫലസ്തീനികളെ നേരിടുന്ന ഇസ്‌റാഈല്‍ സൈനികരുടെ നടപടി അത്യന്തം അപലപനീയമെന്ന് ഈജിപ്ത് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."