കുടിയിറക്കം: വികസന കൊടുങ്കാറ്റില്‍ ബാക്കിയാവുന്നത് ആരൊക്കെ?
കണ്ണൂര്‍: മട്ടന്നൂരില്‍ വിമാനത്താവളം പൂര്‍ത്തിയായിവരുന്നതോടെ ജില്ലയില്‍ വികസന കൊടുങ്കാറ്റടിക്കുകയാണ്. നാലുവരിപാത, അതിവേഗ റെയില്‍വെ പാത, ദേശീയപാത വികസനം, ഉള്‍നാടന്‍ ജലഗതാഗതം, ഗ്യാസ് പൈപ്പ് ലൈന്‍, തലശേരി, മൈസൂരു റെയില്‍വേപാത, ആറുവരി വിമാനത്താവള റോഡുകള്‍ തുടങ്ങി ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാനായി എല്ലാമുപേക്ഷിച്ചു പടിയിറങ്ങുന്നവരുണ്ട്. പിറന്നമണ്ണു നഷ്ടപ്പെട്ടു വെറും കൈയോടെ ഇറങ്ങുന്നവര്‍. പടിയിറങ്ങുമ്പോള്‍ നഷ്ടപരിഹാരമായി ഒരുരൂപ പോലും തരില്ലെന്ന അധികൃതരുടെ പിടിവാശിക്കു മുന്‍ പില്‍ പ്രതിരോധങ്ങളും വളരുകയാണ്.
ചാത്തമലയ്ക്കായി ഞങ്ങള്‍ ചാവും
കുടിയാന്‍മലയിലെത്തുന്നവര്‍ക്കു ഹൃദ്യമായ ഓര്‍മയാണ് ചാത്തമല. കരിങ്കല്‍ക്വാറി മാഫിയ ഇടിച്ചുകൊണ്ടിരിക്കുന്ന ചാത്തമലയും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും ഇല്ലാതാകും. പച്ചപുതച്ചിരുന്ന ചാത്തമലയില്‍ ക്വാറി മാഫിയ സൃഷ്ടിച്ച വ്രണങ്ങള്‍ വളരെ ദൂരെ നിന്നുപോലും ദൃശ്യമാണ്. ഓരോ ഉഗ്രസ്‌ഫോടനത്തിനിലും ചാത്തമല നടുങ്ങുകയാണ്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായ കുടിയാന്‍മലയില്‍ വന്‍പരിസ്ഥിതിക വിനാശമാണ് ക്വാറി മാഫിയ സൃഷ്ടിക്കുന്നത്. കരിങ്കല്‍ ഖനനം കാരണം ഇവിടെ താമസിക്കുന്നവര്‍ക്ക് ശ്വാസകോശം വര്‍ധിക്കുകയാണ്.
ഉരുള്‍പൊട്ടല്‍, കുടിവെള്ളക്ഷാമം എന്നിവയും കൂടി. കുടിയാന്‍മലയിലെ തനതു ജൈവവ്യവസ്ഥയും പോയ്മറയുകയാണ്. ഒരു കടലാസുപോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറി മാഫിയയെ സംരക്ഷിക്കുന്ന പഞ്ചായത്ത് അധികൃതര്‍ക്കെതിരേ ജീവന്‍മരണ പോരാട്ടത്തിലാണ് നാട്ടുകാര്‍.
ആരെതിര്‍ത്താലും വരും അതിവേഗ റെയില്‍പാത
അതിവേഗ റെയില്‍വേ പാതയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതോടെ ജില്ലയിലും വന്‍ പരിസ്ഥിതി നാശത്തിന് കളമൊരുങ്ങുകയാണ്. പദ്ധതി നടപ്പാക്കിയാല്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ധര്‍മടം പ്രദേശത്തു മാത്രം 550 കുടുംബങ്ങള്‍ കുടിയൊഴിയും. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള മാഹിയിലെ കവിയൂരില്‍ മാത്രം അറുനൂറോളം കുടുംബങ്ങള്‍ പിറന്ന മണ്ണുപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകും. ധര്‍മടം, തലശേരി ഭാഗങ്ങളില്‍ മാത്രമായി 1500 വീടുകള്‍ പൊളിയും. സംസ്ഥാനത്ത് 60,000 കുടുംബങ്ങളുടെ നിലനില്‍പ്പാണ് ചോദ്യം ചെയ്യപ്പെടുന്നത്. പദ്ധതി നടപ്പാക്കുന്നതിനായി ഡി.എം.ആര്‍.സി സംസ്ഥാന സര്‍ക്കാരിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരിക്കുകയാണ്. പദ്ധതിയുടെ ഡി.പി.ആര്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതായാണ് സൂചന
ജനവാസ കേന്ദ്രങ്ങള്‍ ഇടിച്ചുനിരത്തും വളയന്‍ റോഡ്
ധര്‍മടം- തളിപ്പറമ്പ് മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് പുതിയ റോഡ്. നിലവില്‍ തലശേരിയില്‍ നിന്നു പറശിനിക്കടവിലേക്കുള്ള ദൂരം 44 കി.മി. പുതിയ റോഡുവന്നാല്‍ അതു 35 കിലോമീറ്ററായി ചുരുങ്ങും. ചിറക്കുനിയില്‍ നിന്നാരംഭിക്കുന്ന റോഡ് പാറപ്രം, മൂന്നുപെരിയ വഴി പറശിനിക്കടവിലേക്കു നീളും. ചിറക്കുനിയില്‍ നിന്നു കാടാച്ചിറ വരെയുള്ള റോഡിന് നിലവില്‍ ഏഴുമീര്‍ വീതിയുണ്ട്. കാടാച്ചിറയില്‍ നിന്നു ദിശമാറി പറശിനിക്കടവ് വരെ നിര്‍മിക്കുന്ന റോഡിന് പത്തുമീറ്റര്‍ വരെയാണ് വീതി. ഇതു നിര്‍മിക്കുന്നതിനായി ചിറക്കുനി മുതല്‍ മൂന്നുപെരിയ-കാടാച്ചിറ വരെയുള്ള ദൂരത്തില്‍ മൂന്നു മീറ്റര്‍ സ്ഥലം പുതുതായി കൂട്ടിചേര്‍ക്കണം. ഇത്തരം കൂട്ടിചേര്‍ക്കലുകള്‍ മൂന്നുപെരിയപോലുള്ള ചെറിയ ടൗണുകളെ ഇല്ലാതാക്കും. ചിറക്കുനിയില്‍ വീടുകളും കൃഷി സ്ഥലങ്ങളും ഒഴിയേണ്ടിവരും. ഈ റോഡുവന്നാല്‍ ടൂറിസം വികസനമാണ് നേട്ടമായി പറയുന്നത്. അണ്ടലൂര്‍കാവ്, പെരളശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പറശിനിക്കടവ് എന്നിവടങ്ങളിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് കൂടും. ഇതുകൂടാതെ മേഖലയിലെ കളിയാട്ടങ്ങളും തിറമത്സങ്ങളും വള്ളം കളിയും മാര്‍ക്കറ്റു ചെയ്യാം. ഇങ്ങനെ പോകുന്നു അവകാശവാദങ്ങള്‍..
നയാപൈസയില്ല
നിര്‍ദിഷ്ട ചിറക്കുനി- പറശിനിക്കടവ് റോഡിനായി സ്ഥലം നഷ്ടപ്പെടുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ദേശീയപാതവിഭാഗം(റോഡ്‌സ്) അധികൃതകര്‍ക്കു മൗനം. കേന്ദ്രസര്‍ക്കാരിന്റെ ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് ചിറക്കുനി- പറശിനി റോഡിന് 24 കോടി വകയിരുത്തിയത്. എന്നാല്‍ ഇതില്‍ നഷ്ടപരിഹാരം തുക മാത്രം വകയിരുത്തിയിട്ടില്ല. പദ്ധതി പ്രകാരം നഷ്ടപരിഹാര തുക നല്‍കാന്‍ വകുപ്പില്ലെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ തങ്ങള്‍ വികസനത്തിനെതിരല്ലെന്നും പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യപ്പെടുന്നതെന്നു പെരളശേരിയില്‍ ചേര്‍ന്ന കര്‍മസമിതിയോഗം വ്യക്തമാക്കി.
ഗുണം അഞ്ചുശതമാനം സമ്പന്നര്‍ക്ക്: കര്‍മസമിതി
വന്‍ നാശനഷ്ടമുണ്ടാക്കുമെന്നാരോപിച്ചു അതിവേഗ റെയില്‍വെ പാത പദ്ധതിക്കെതിരേ ശക്തമായ പ്രക്ഷോഭവുമായി കര്‍മസമിതി രംഗത്തിറങ്ങി. ഡി.എം.ആര്‍.സി റിപ്പോര്‍ട്ട് പുന:പരിശോധിക്കണമെന്ന് കര്‍മസമിതി ജില്ലാചെയര്‍മാന്‍ പി രാജന്‍ ആവശ്യപ്പെട്ടു. പില്ലറുകള്‍ ഉയര്‍ത്തി പാളം സ്ഥാപിച്ചാല്‍ ജലസ്രോതസുകള്‍ തടസപ്പെടുമെന്ന് രാജന്‍ പറഞ്ഞു. പരിസ്ഥിതിവിനാശം വരുത്തുന്ന അതിവേഗ റെയില്‍വെപാത അഞ്ചു ശതമാനം സമ്പന്നര്‍ക്കു മാത്രമാണെന്നു കര്‍മസമിതിയോഗം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."